ബെയ്ജിംഗ്/വുഹാൻ: ചൈനയിൽ പിടിതരാതെ കൊറോണ മരണനിരക്ക് കുതിക്കുന്നു. ഇന്നലെ വുഹാനിൽ 242 പേർ കൂടി മരിച്ചതോടെ ചൈനയിലെ മരണനിരക്ക് 1,350-ന് മുകളിലെത്തി.
14,840 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ചൈനയിൽ രോഗം ബാധിച്ചവരുടെ എണ്ണം 60,000 ആയതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഇതിൽ 48,000 കേസുകൾ വുഹാനിലാണ്.
അതേസമയം, വിദേശത്തു രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 440 ആയി. ഫിലിപ്പീൻസിൽ ഒരാളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജപ്പാനിൽ 203 പേർക്കു രോഗം സ്ഥിരീകരിച്ചു.
ഇതിൽ ഭൂരിഭാഗം പേരും ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിൽ കഴിയുന്നവരാണ്. കപ്പലിലെ ജീവനക്കാരായ രണ്ട് ഇന്ത്യക്കാർക്ക് രോഗം സ്ഥിരീകരിച്ചതായി ജപ്പാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഇതിനിടെ, കൊറോണ വൈറസ് ബാധയുടെ പേര് കോവിഡ്-19 എന്നാക്കി. ഇതുവരെ 20 രാജ്യങ്ങളിലേക്ക് രോഗം പടർന്നിട്ടുണ്ട്. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലും ഷാംഗ്ഹായിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
നഗരങ്ങളിൽ സഞ്ചാരത്തിനും വാഹനഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുകയും നഗരത്തിൽ ചുറ്റിയടിക്കുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
പുതുവർഷ അവധിക്കുശേഷം ആളുകൾ ജോലിയിലേക്കു മടങ്ങിയെത്തുന്പോൾ വൈറസ് പടരാനുള്ള സാധ്യത മുന്നിൽ കണ്ടാണു നടപടി.
ഫെബ്രുവരി മാസം മധ്യത്തിലോ അവസാനത്തോ വൈറസ് ബാധ കൂടാൻ സാധ്യതയുണ്ടെന്നു സാംക്രമികരോഗ വിദഗ്ധൻ ഷോംഗ് നൻഷാൻ പറഞ്ഞു. വൈറസ് പടരുന്നത് കുറഞ്ഞതായി ബുധനാഴ്ച ചൈനീസ് പ്രസിഡൻറ് ഷി ചിൻപിംഗ് പറഞ്ഞിരുന്നു.