കോഴിക്കോട്: കരിപ്പൂര് വിമാനത്താവളത്തില് ഉത്തരപ്രദേശ് സ്വദേശിയില്നിന്ന് 44 കോടിയുടെ കൊക്കെയ്നും ഹെറോയിനും പിടികൂടിയ സംഭവത്തില് അന്വേഷണം യുപിയിലേക്ക്.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്സിന്റെ (ഡിആര്ഐ) കോഴിക്കോട് യൂണിറ്റാണ് കഴിഞ്ഞ ദിവസം ആഫ്രിക്കന് രാജ്യമായ കെനിയയില് നിന്ന് കൊണ്ടുവന്ന ലഹരിവസ്തുക്കളുമായി ഉത്തരപ്രദേശ് മുസാഫര് നഗര് സ്വദേശി രാജീവ് കുമാറിനെ (27) അറസ്റ്റ് ചെയ്തത്.
3.49 കിലോഗ്രാം കൊക്കെയ്നും 1.296 കിലോഗ്രാം ഹെറോയിനുമാണ് ഇയാളില്നിന്ന് കണ്ടെടുത്തത്. ഇയാളുടെ നാട്ടിലെ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനു യുപിയിലെ ഡിആര്ഐ യൂണിറ്റിന് വിവരം കൈമാറിയിട്ടുണ്ട്.
നേരത്തെ ഇയാള് ഇടപെട്ട മയക്കുമരുന്ന് കടത്ത് ഉള്പ്പെടെയുള്ള കേസിന്റെ വിവരങ്ങള് അവിടെനിന്ന് ശേഖരിക്കും. ഇയാളുടെ നാട്ടിലെ ബന്ധങ്ങളും അന്വേഷണത്തിനു വിധേയമാക്കും.
ഇയാളുടെ മൊബൈല് ഫോണ് കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഒന്നിലേറെ ആളുകള് ഇതില് ഇടപെട്ടിട്ടുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്.
രാജ്യത്തെ മറ്റു വിമാനത്താവളങ്ങളില് ആഫ്രിക്കന് രാജ്യങ്ങളില്നിന്ന് കൊക്കെയ്ന്, ഹെറോയിന് അടക്കമുള്ള ലഹരിവസ്തുക്കള് എത്തുന്നത് പുതുമയുള്ളതല്ലെങ്കിലും കരിപ്പൂരില് ഇത്രയേറെ ലഹരിവസതുക്കള് എത്തുന്നത് ആദ്യമാണ്.
മുംബൈ, ബംഗളുരു, ചെന്നൈ, കോല്ക്കൊത്ത, ഡല്ഹി തുടങ്ങി രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളില് പരിശോധന ശക്തമാക്കിയ സാഹചര്യത്തിലാണ് ഇയാള് കരിപ്പൂരില് എത്തിയതെന്നാണ് സൂചന. ഇവ കേരളത്തിനു പുറത്തേക്കുള്ളതാണെന്നാണ് വിവരം.