ഹ്രസ്വ ചിത്രങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി യു ട്യൂബിൽ ഇടംപിടിക്കുന്ന ഈ കാലഘട്ടത്തിൽ 45 സെക്കൻഡ്സ് എന്ന ത്രില്ലറിന് എന്താണ് ഇത്ര പ്രത്യേകത. പേര് കേൾക്കുന്പോൾ ഒന്ന് ക്ലിക്ക് ചെയ്യാൻ തോന്നും എന്നതു തന്നെയാണ് ആദ്യത്തെ പ്രത്യേകത. പിന്നെയുമുണ്ടേറെ സ്പെഷൽ സംഭവങ്ങൾ 16 മിനിറ്റിലേറെയുള്ള ഈ കുഞ്ഞു ചിത്രത്തിൽ. 45 സെക്കൻഡിന്റെ ഗുട്ടൻസ് അറിയാൻ തുടക്കം മുതലേ കണ്ണ് പരതുമെങ്കിലും ആ സസ്പെൻസ് അറിയാൻ 13 മിനിറ്റിലേറെ കാത്തിരിക്കണം.
സംവിധായകൻ ദീപക് എസ് ജെയ് കുറഞ്ഞ സമയത്തിനുള്ളിൽ ഒരുക്കിയ ക്രൈം ത്രില്ലർ വിജയിച്ചുവെന്നാണ് അരലക്ഷത്തിനടുത്ത് വരുന്ന കാഴ്ചക്കാർ സാക്ഷ്യം പറയുന്നത്. വൻ ബജറ്റിൽ ബിഗ്സ്്ക്രീനിൽ എത്തുന്ന ക്രൈം ത്രില്ലറുകൾ ക്ലച്ച് പിടിക്കാതെ പോകുന്ന ഈ കാലഘട്ടത്തിലാണ് സാങ്കേതിക തികവോടെ എത്തിയ 45 സെക്കൻഡ്സ് യു ട്യൂബ് കാഴ്ചക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നത്.
ഫ്ളാറ്റിൽ നടക്കുന്ന കൊലപാതകവും അതിനെ തുടർന്നുള്ള അന്വേഷണത്തിലൂടെയുമാണ് കഥയുടെ ചുരുൾ അഴിയുന്നത്. നടൻ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തി ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ക്രൈം ത്രില്ലർ മൂഡിന് തരിപോലും കളങ്കം വരുത്താതെ ഛായാഗ്രാഹകൻ ടോബിൻ തോമസ് കാമറ ചലിപ്പിച്ചപ്പോൾ ഹ്രസ്വ ചിത്ര കാഴ്ചക്കാർക്ക് അത് വേറിട്ടൊരു അനുഭവമാകുകയായിരുന്നു.