സിന്ധു നദീതട സംസ്കാരത്തിന്റെ ഇന്ത്യന്‍ തെളിവുകള്‍ തേടി നടക്കുന്ന ഖനനപ്രവര്ത്തനത്തിലെ കണ്ടെത്തലുകള്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നു. ഹരിയാനയിലെ രാഖിഗർഹിയിൽ തുടരുന്ന പര്യവേക്ഷണത്തിനിടെ മൂന്നു നിലയോളം ഉയരമുള്ള കെട്ടിടങ്ങളുടെയും ഒരു സ്റ്റേഡിയത്തിന്റെയും അവശിഷ്ടങ്ങള്‍ കണ്ടെത്തി. ആളുകള്‍ക്ക് രണ്ടു വശത്തുമിരുന്ന് ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണു സ്റ്റേഡിയത്തിന്റെ നിര്‍മാണം.
അതിശയകരമായ മറ്റൊരു കണ്ടെത്തല്‍ 4500 വർഷം പഴക്കമുള്ള ഒരു ശൗചാലയമാണ്. ശൗചാലയത്തോടു ചേര്‍ന്നു വെള്ളം ശേഖരിക്കാനുള്ള പ്രത്യേക സ്ഥലവും ചെറിയ പാത്രവും കണ്ടെത്തി. ഡ്രെയിനേജ് സംവിധാനമുണ്ടായിരുന്നതിന്റെ തെളിവുകളും കിട്ടി. ചെമ്പ്, സ്വർണാഭരണങ്ങൾ, ടെറാക്കോട്ട കളിപ്പാട്ടങ്ങൾ, മൺപാത്രങ്ങൾ, മുദ്രകൾ എന്നിവയും കണ്ടെത്തിയതിൽപ്പെടുന്നു.
മണ് ഇഷ്ടികയിലും ചുട്ടെടുത്ത ഇഷ്ടികയിലും പണിത വീടുകള്‍ ആസൂത്രിതമായി നിര്‍മിക്കപ്പെട്ട ഒരു പട്ടണത്തിന്റെ അവശേഷിപ്പുകളാണെന്നു പുരാവസ്തു ഗവേഷകര്‍ അറിയിച്ചു.
ഹരിയാനയ്ക്കു പുറമെ ഉത്തർപ്രദേശിലെ ഹസ്തിനപുർ, അസമിലെ ശിവസാഗർ, ഗുജറാത്തിലെ ധോലവീര, തമിഴ്നാട്ടിലെ ആദിച്ചനല്ലൂർ എന്നിവിടങ്ങളിലും ഖനനങ്ങള്‍ തുടരുകയാണ്. ബാക്കി പ്രധാനപ്പെട്ട ഖനനകേന്ദ്രങ്ങളെല്ലാം ഇന്നു പാക്കിസ്ഥാനിലാണ്. അവിടെയും പര്യവേക്ഷണങ്ങൾ നടന്നു വരുന്നു.