പെലിക്കണുകളുടെ ദേശാടന യാത്ര ഇസ്രയേലില് എത്തിയപ്പോള് വെട്ടിലായത് രാജ്യത്തെ കര്ഷകരാണ്. ഈ കൂട്ടപ്പലായനത്തില് വിശപ്പടക്കാനുള്ള ഇവരുടെ ശ്രമങ്ങള് ഇസ്രയേലിലെ കര്ഷകര്ക്ക് വലിയ തലവേദനയാണ്.
ശരത്ക്കാലത്തിന്റെ തുടക്കത്തില്ത്തന്നെ പെലിക്കണുകളുടെ ദേശാടനം ആരംഭിക്കും. പടിഞ്ഞാറന് യൂറോപ്പിലും ഏഷ്യയിലുമായി ശരത്ക്കാലവും വസന്തകാലവും ചിലവിട്ട് വര്ഷാന്ത്യത്തില് ആഫ്രിക്കയിലേക്ക് മടങ്ങുകയാണ് പെലിക്കണുകളുടെ പതിവ്.
ഇസ്രയേലിലൂടെയുള്ള പ്രയാണത്തില് പെലിക്കണുകളുടെ പ്രധാന ആകര്ഷണം കര്ഷകര് തടയണകളിലും ഡാമിലും വളര്ത്തുന്ന മത്സ്യങ്ങളാണ്. ഇതാണ് ഇസ്രയേലിലെ കര്ഷകരുടെ ഉറക്കം കെടുത്തുന്നത്.
45000ത്തിലധികം വരുന്ന ഞാറകള് കൂട്ടത്തോടെ ഡാമിലേക്ക് പറന്നിറങ്ങി മീനുകള് കൊക്കിലാക്കി പറന്നുപൊങ്ങുന്ന വീഡിയോ ഇപ്പോള് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഈ ഭക്ഷ്യവേട്ട തടയുക ഭഗീരഥപ്രയത്നം തന്നെയാണ്. പിന്നെയുള്ള ഏക മാര്ഗം മറ്റൊരു മത്സ്യവിരുന്നൊരുക്കുക എന്നതാണ്. അതാണിപ്പോള് കര്ഷകര് ചെയ്യുന്നത്.
പെലിക്കണുകള്ക്കായി മെഡിറ്ററേനിയന് തീരത്തോട് ചേര്ന്ന് ചെറു കുളങ്ങള് നിര്മിച്ച് അതില് മത്സ്യങ്ങള് ഇടും. ഓരോ കുളത്തിലും രണ്ടര ടണ് മീന്.
ഒന്നാന്തരമല്ല അല്പം ഗമ കുറഞ്ഞ മീനുകളെയാണ് നിക്ഷേപിക്കുന്നത്. പക്ഷെ കുളം കണ്ടാല് മത്സ്യകൃഷി നടത്തുന്ന കുളങ്ങള്പോലെത്തന്നെയിരിക്കും.
മനുഷ്യനും പെലിക്കണുകളും തമ്മില് കൊമ്പുകോര്ക്കാതിരിക്കാനുള്ള കുറുക്കു വഴിയാണ് ഈ മീനൂട്ട്. പതിനായിരക്കണക്കിന് പെലിക്കണുകള് കൂട്ടമായി പറക്കുമ്പോള് നിരവധി പക്ഷികള് ചത്തൊടുങ്ങാറുണ്ട്.
ശത്രുക്കള് വേട്ടയാടുന്നതും താനെ തളര്ന്ന് വീണ് ചാകുന്നതും ഏറിവരികയാണെന്നാണ് പക്ഷി നിരീക്ഷകരുടെ കണ്ടെത്തല്.
ഏതായാലും ഇസ്രയേലിന്റെ ആകാശത്തിലൂടെ പറന്ന് പോകുമ്പോള് മീനുകള് നിറഞ്ഞ കുളത്തില് നീരാടി ആവോളം മീന് തിന്ന് വിശപ്പടക്കിയാണ് പെലിക്കണുകള് ലോകസഞ്ചാരം തുടരുന്നത്.