ബെയ്ജിംഗ്: കൊറോണ വൈറസ് ബാധിച്ച് മരിച്ചത് 636 പേരെന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷൻ റിപ്പോർട്ട്. വ്യാഴാഴ്ച റിപ്പോർട്ട് ചെയ്ത 73 മരണങ്ങളിൽ 69 എണ്ണവും ഹുബെയ് പ്രവിശ്യയിൽ നിന്നാണ്.
വ്യാഴാഴ്ച 3,143 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 31,161 ആയി. ചൈനക്ക് പുറത്ത് കൊറോണ ബാധിച്ച് മരിച്ചത് രണ്ടുപേരാണ്.
ഹോങ് കോങ്, ഫിലിപ്പീൻസ് സ്വദേശികളാണ് മരിച്ചത്. ഇതുവരെ 25 രാജ്യങ്ങളിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിൻസസ് ക്രൂയിസിലെ 41 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കപ്പലിലെ യാത്രക്കാരിൽ 61 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.
കൊറോണ സ്ഥിരീകരിച്ചതോടെ കഴിഞ്ഞ രണ്ടാഴ്ചയായി കപ്പലിലെ നാലായിരത്തോളംവരുന്ന സഞ്ചാരികളേയും ജീവനക്കാരെയും ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്.
ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ പുറത്തിറങ്ങാൻ അനുവദിച്ചിട്ടില്ല. 3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്.
ഹോങ്കോംഗ് തുറമുഖത്ത് കപ്പലിറങ്ങിയ എണ്‍പതുകാരനായ യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് കപ്പലിലുള്ള 273 പേരുടെ സാംപിളുകൾ ആദ്യം പരിശോധിച്ചത്.
ഇതിൽ 10 പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ മുഴുവൻ യാത്രക്കാരെയും പരിശോധനയ്ക്കു വിധേയമാക്കി. ആദ്യം കൊറോണ സ്ഥിരീകരിച്ച യാത്രക്കാരന് യാത്രയ്ക്കിടെ രോഗലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല.
എന്നാൽ ജനുവരി 25ന് ഹോങ്കോംഗിൽ തിരിച്ചെത്തിയതിനു പിന്നാലെ രോഗ ലക്ഷണങ്ങൾ പ്രകടമായതോടെ ഇയാൾ ആശുപത്രിയിലെത്തി പരിശോധന നടത്തുകയായിരുന്നു.