തളിപ്പറമ്പ്: മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി തട്ടിയെടുത്തതായ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ടിക്കറ്റ് ബാങ്കില്‍ കളക്ഷന്‍ നല്കിയ പറശിനിക്കടവിലെ പി.എം.അജിതനെ സംശയിക്കുന്നതായാണ് പരാതിയില്‍ പറയുന്നത്. തമിഴ്നാട് സ്വദേശിയും കോഴിക്കോട് പാവങ്ങാട് പഴയങ്ങാടി പൂത്തൂരിലെ മുനികുമാര്‍ പൊന്നുച്ചാമി എന്ന മുനിയന്റെ (49) പരാതിയിലാണ് കേസ്.
നേരത്തെ പരാതിയോ അന്വേഷണമോ ഇല്ലെന്ന് പറഞ്ഞിരുന്ന പോലീസ് ഇന്നലെയാണ് സംഭവത്തില്‍ കേസെടുത്തത്. അഞ്ച് കോടി രൂപയാണ് കഴിഞ്ഞ ജൂലൈ 18 ന് നറുക്കെടുത്ത എംഇ 174253 നമ്പര്‍ മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം. ഈ ടിക്കറ്റ് അടങ്ങിയ പേഴ്സ് പറശിനിക്കടവ് ക്ഷേത്രപരിസരത്തുവെച്ച് തട്ടിയെടുത്തതായാണ് മുനിയന്‍ നല്കിയ പരാതി.
കഴിഞ്ഞ ഒരു മാസത്തിലേറെയായി പോലീസ് രഹസ്യമായി അന്വേഷണം നടത്തിയ ശേഷമാണ് ഒടുവില്‍ കേസെടുത്തിരിക്കുന്നത്. എട്ട് വര്‍ഷം മുമ്പ് അജിതന് ലഭിച്ച 40 ലക്ഷം രൂപയും 50 പവനും ഭാഗ്യക്കുറിയെപ്പറ്റിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി കോഴിക്കോട് താമസിക്കുന്ന മുനിയന്‍ ടാക്സി ഡ്രൈവറാണ്. എല്ലാ മാസവും പറശിനിക്കടവില്‍ വരുന്ന ഇദ്ദേഹം ജൂണ്‍ 16 നാണ് പറശിനിക്കടവില്‍ വന്നപ്പോള്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത്.
ജൂണ്‍ 26 ന് വീണ്ടും പറശിനിക്കടവില്‍ വന്നപ്പോള്‍ പേഴ്സ് ഉള്‍പ്പെടെ പോക്കറ്റടിച്ച് ടിക്കറ്റ് നഷ്ടമായെന്നാണ് പരാതി. ടിക്കറ്റിന് പുറകില്‍ പേരെഴുതിയതായും മുനിയന്‍ പറയുന്നു. തളിപ്പറമ്പ് പോലീസ് ഇന്ന് രാവിലെ പരാതിക്കാരനായ മുനിയന്റെ വിശദമായ മൊഴി രേഖപ്പെടുത്തുന്നുണ്ട്. നേരത്തെ ലോട്ടറി വില്പന നടത്തിയ മുയ്യത്തെ പി.വി.പവിത്രനെ പോലീസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം ലോട്ടറി ഫലം പുറത്തുവന്നപ്പോള്‍ തനിക്കാണ് ലോട്ടറി വന്നതെന്ന് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കല്ലിങ്കീല്‍ പത്മനാഭനെ അറിയിച്ച മംഗലശേരി സ്വദേശി പെട്ടെന്ന് വിദേശത്തേക്ക് മുങ്ങിയതും ഇതുമായി ബന്ധപ്പെടുത്തി പോലീസ് അന്വേഷിക്കുന്നുണ്ട്.
മുനിയന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ലോട്ടറി വകുപ്പ് സമ്മാനത്തുക നല്‍കുന്നത് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരിക്കയാണ്. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന അന്വേഷണത്തിലെ നിർണായകമായ വഴിത്തിരിവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഇന്ന് മുനിയന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ പോലീസ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടക്കുകയുള്ളൂവെന്നാണ് ലഭിക്കുന്ന സൂചന.