കണ്ണൂർ: കണ്ണൂർ ജില്ലയിൽ നിന്നും ഐഎസിൽ ചേർന്ന അഞ്ചുപേർ കൊല്ലപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. കണ്ണൂർ ചാലാട് ഷഹനാദ് (25), വളപട്ടണം മൂപ്പൻപാറയിലെ റിഷാൽ (30), പാപ്പിനിശേരിയിലെ പഴഞ്ചറപള്ളിയിലെ ഷമീർ (45), ഇയാളുടെ മൂത്തമകൻ സൽമാൻ (20), കമാൽപീടികയിലെ മുഹമ്മദ് ഷാജി (25) എന്നിവരാണ് കൊല്ലപ്പെട്ടത്.
കണ്ണൂർ ജില്ലയിൽനിന്നും 15 പേരാണ് ഐഎസിൽ ചേർന്നതായി പോലീസിന് വിവരം ലഭിച്ചത്. ഇതിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം അഞ്ചുപേർ അറസ്റ്റിലായിരുന്നു. അഞ്ചുപേർ ഇപ്പോഴും സിറിയയിൽ ഐഎസിനുവേണ്ടി പോരാടുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഐഎസുമായി ബന്ധപ്പെട്ട പ്രവർത്തകർ പിടിയിലായതിനെ തുടർന്ന് അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അഞ്ചുപേരാണ് അറസ്റ്റിലായത്.
തലശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു.കെ. ഹംസ (57), തലശേരി കോർട്ട് കോംപ്ലക്സ് സൈനാസിലെ മനാഫ് റഹ്മാൻ (42), മുണ്ടേരി കൈപ്പക്കയ്യിൽ ബൈത്തുൽ ഫർസാനയിലെ മിഥ്ലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി.അബ്ദുൾ റസാഖ് (34), മുണ്ടേരി പടന്നോട്ട്മെട്ടയിലെ എം.വി. റാഷിദ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഇപ്പോൾ റിമാൻഡിലാണ്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. അറസ്റ്റിലായ പ്രതികളുടെ വീട്ടിൽ ഇന്നലെ നടത്തിയ റെയ്ഡിൽ ദുബായ്, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങൾ സന്ദർശിച്ച യാത്രാരേഖകൾ, തുർക്കിയിലെ കറൻസികൾ എന്നിവയും ഐഎസിന്റെ ലഘുലേഖകളും പിടിച്ചെടുത്തു.