ഇന്ത്യയില്‍ നോട്ടു പിന്‍വലിച്ചതിന്റെ പൊല്ലാപ്പ് ഒന്നു തീര്ന്നുവരുമ്പോഴാണ് ബ്രിട്ടനില്‍ പുതിയ നോട്ടുവിവാദം തുടങ്ങിയിരിക്കുന്നത്.
ഇവിടെ കള്ളപ്പണമൊന്നുമല്ല പ്രശ്നം. പുതുതായി പുറത്തിറക്കിയ അഞ്ചു പൗണ്ടിന്റെ കറന്‍സിയാണ് ഇവിടെ പ്രശ്നകാരണം. പ്ലാസ്റ്റിക് നിര്‍മിത കറന്‍സിയില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. നോട്ടു പുറത്തിറക്കിയ ബാങ്ക് ഓഫ് ഇംഗ്ലണ്ടും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ജനസംഖ്യയില്‍ പത്തിലൊന്ന് വരുന്ന സസ്യഹാരികള്‍ ഈ വാര്‍ത്ത വന്നതിനു സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വന്‍ പ്രതിഷേധമാണുയര്‍ത്തുന്നത്. നോട്ടില്‍ നിന്നും മൃഗക്കൊഴുപ്പ് നീക്കണമെന്നാവശ്യപ്പെട്ട് 3000 ആളുകള്‍ ഒപ്പിട്ട നിവേദനവും തയ്യാറാക്കിക്കഴിഞ്ഞു. ഈ നോട്ട് ബ്രിട്ടനിലെ വെജിറ്റേറിയന്‍, വേഗന്(മൃഗങ്ങളില്‍ നിന്നുള്ള യാതൊരു വസ്തുക്കളും ഉപയോഗിക്കാത്ത ആളുകള്‍) വിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ക്ക് യാതൊരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഒപ്പു ശേഖരണത്തിനു ചുക്കാന്‍ പിടിച്ച ഡഗ് മാ വ്യക്തമാക്കി.
എന്നാല്‍ പ്ലാസ്റ്റിക്കില്‍ പുറത്തിറക്കിയ അഞ്ചു പൗണ്ട് നോട്ടുകള്‍ പുതിയ ചരിത്രത്തിലേക്കുള്ള ചുവടുവയ്പ്പാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. തട്ടിപ്പു തടയാന്‍ തക്കവണ്ണമുള്ള സംവിധാനങ്ങളും നോട്ടിലുണ്ട്. കട്ടികുറഞ്ഞതും വഴക്കമുള്ളതുമായ പ്ലാസ്റ്റിക്കിലാണ് നോട്ടു നിര്‍മിച്ചിരിക്കുന്നത്. പേപ്പര്‍ നോട്ടിനെ അപേക്ഷിച്ച് 15 ശതമാനം വലുപ്പം കുറവുമാണ്. മുന്‍വശത്ത് എലിസബത്ത് രാജ്ഞിയുടെ ചിത്രവും മറുവശത്ത് മുന്‍ പ്രധാനമന്ത്രി വിന്സ്റ്റന് ചര്‍ച്ചിലിന്റെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു. 2017 മെയ് മാസത്തോടെ അഞ്ചു പൗണ്ട് നോട്ടിന്റെ പ്ലാസ്റ്റിക്വല്ക്കരണം പൂര്‍ത്തിയാക്കാനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പദ്ധതിയിട്ടിരിക്കുന്നത്. അടുത്ത വര്‍ഷം നോവലിസ്റ്റ് ജെയ്ന്‍ ഓസ്റ്റിന്റെ ചിത്രം ആലേഖനം ചെയ്ത 10 പൗണ്ടിന്റെ നോട്ടും 2020ല്‍ ചിത്രകാരന് ജെഎംഡബ്ലു ടര്‍ണറിന്റെ ചിത്രമുള്ള 20 പൗണ്ട് നോട്ടും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കും. സസ്യാഹാരികളുടെ പ്രതിഷേധത്തെ ഗവണ്മെന്റും ബാങ്ക് ഓഫ് ഇംഗ്ലണ്ടും എങ്ങനെ പ്രതിരോധിക്കും എന്നു വരും ദിവസങ്ങളില്‍ കാണാം.