കൊല്ലം: ലോഹ നിർമിതമായ പഴയ അഞ്ച് രൂപ നാണയങ്ങൾ പ്രചാരത്തിൽനിന്ന് പിൻവലിക്കാൻ റിസർവ് ബാങ്ക് ആലോചന. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കയാണ് ബാങ്ക് അധികൃതർ എന്നാണു റിപ്പോർട്ട്. ഈ നാണയങ്ങൾ വ്യാപകമായി ബംഗ്ലാദേശിലേക്ക് കള്ളക്കടത്ത് നടത്തുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവ പിൻവലിക്കാൻ റിസർവ് ബാങ്ക് ആലോചിക്കുന്നതെന്നും അറിയുന്നു.
ബംഗ്ലാദേശിൽ എത്തിക്കുന്ന നാണയങ്ങൾ ഉരുക്കി റേസർ ബ്ലേഡുകളായി രൂപമാറ്റം വരുത്തുകയാണ്. ഒറ്റ നാണയംകൊണ്ട് ഇത്തരത്തിൽ ആറ് ബ്ലേഡുകൾ വരെ നിർമിക്കുന്നു.ഒരു ബ്ലേഡ് രണ്ട് രൂപയ്ക്ക് വിറ്റാൽ പോലും 12 രൂപ ലഭിക്കും. അഞ്ച് രൂപയുടെ നാണയം കൊണ്ട് ഇരട്ടിയിൽ കൂടുതൽ ലാഭം ഇതുവഴി ലഭിക്കുന്നു. നാണയ കള്ളക്കടത്ത് വ്യാപകമായി നടക്കുന്നതിനാൽ ഇവയുടെ ലഭ്യതയും രാജ്യത്ത് ഗണ്യമായി കുറഞ്ഞു.
അഞ്ച് രൂപയുടെ രണ്ട് നാണയങ്ങളാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. ഒന്ന് പിച്ചള കൊണ്ട് നിർമിച്ചതും രണ്ടാമത്തേത് കട്ടിയുള്ള ലോഹം കൊണ്ട് നിർമിച്ചതും. കട്ടിയുള്ള നാണയങ്ങൾ ഗണ്യമായി കുറഞ്ഞതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് അവ ബംഗ്ലാദേശിലേക്ക് കടത്തുന്നതിന്റെ നിർണായക വിവരങ്ങൾ റിസർവ് ബാങ്കിന് ലഭിച്ചത്.
ഇതോടെ ഇവ കൂടുതലായി പുറത്തിറക്കുന്നത് ബാങ്ക് നിർത്തുകയും ചെയ്തു.നാണയ ലോഹത്തിന്റെ ഓഹരി മൂല്യം അതിന്റെ പണമൂല്യത്തെ മറികടക്കുന്നു എന്ന കാരണവും ഇവയുടെ ഉത്പാദനം നിർത്താൻ ഇടയാക്കി. റിസർവ് ബാങ്കിന്റെ ചട്ട പ്രകാരം ഇങ്ങനെ ചെയ്യാൻ കഴിയും. എന്നാൽ ഇവ പൂർണമായും വിപണിയിൽ നിന്ന് പിൻവലിക്കണമെങ്കിൽ കേന്ദ്ര സർക്കാർ അനുമതി നൽകണം. ഇപ്പോൾ പിച്ചള നാണയങ്ങളാണ് കൂടുതലായി വിപണിയിലുള്ളത്.
നാണയ കള്ളക്കടത്ത് അറിഞ്ഞപ്പോൾ തന്നെ അധികൃതർ നാണയത്തിന്റെ രൂപത്തിലും ലോഹത്തിന്റെ അംശത്തിലും മാറ്റം വരുത്തി പുതിയ പതിപ്പ് ഇറക്കിയിട്ടുണ്ട്. വില കുറഞ്ഞ മൂലകങ്ങൾ ഉപയോഗിച്ച് നിർമിച്ച ഇവയ്ക്ക് മുൻ പതിപ്പിനേക്കാൾ കനം കുറവാണ്. ഇത് ഉപയോഗിച്ച് റേസർ ബ്ലേഡുകൾ നിർമിക്കാൻ കഴിയില്ല എന്നാണ് ബാങ്ക് അധികൃതരുടെയും കേന്ദ്ര സർക്കാരിന്റെയും വിലയിരുത്തൽ. പുതിയ നാണയങ്ങൾ തുടരും.
നാണയകള്ളക്കടത്തിന് പിന്നിൽ വൻ മാഫിയ രാജ്യത്തിനകത്തും പുറത്തും പ്രവർത്തിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഒന്നു മുതൽ 20 രൂപ വരെയുള്ള നാണയങ്ങളാണ് പ്രചാരത്തിലുള്ളത്. 30, 50 രൂപയുടെ നാണയങ്ങൾ അടുത്തിടെ പുറത്തിറക്കിയെങ്കിലും അവ വിനിമയത്തിനായി പ്രചാരത്തിൽ വന്നിട്ടുമില്ല.
- എസ്.ആർ. സുധീർ കുമാർ