കരുവാരക്കുണ്ട്: തുവൂർ വിമലഹൃദയാശ്രമത്തിലെ അഗതികളായ അഞ്ചു യുവതികൾ വിവാഹിതരാകുന്നു. തിരുക്കുടുംബ ഫൊറോനാ ദേവാലയത്തിൽ നടന്ന മനസമ്മത ചടങ്ങുകൾക്കു വികാരി ഫാ. ജോയ്സ് വയലിൽ മുഖ്യകാർമികത്വം വഹിച്ചു.
ചെറുപ്പം മുതൽ തുവൂർ ആകാശപ്പറവ അഗതി മന്ദിരത്തിലെ അന്തേവാസികളായിരുന്ന ദീപ്തി, സുമ, ലക്സി, ഡയാന, ലൈക്സിറ്റ് എന്നിവരാണ് വിവാഹിതരാകുന്നത്.
ദീപ്തിക്ക് പൂക്കോട്ടുംപാടം സ്വദേശി ബൈജുവാണ് വരൻ. സുമയ്ക്ക് ശ്രീകൃഷ്ണപുരം സ്വദേശി സുനിലും ലൈക്സിറ്റിന് കാരാകുർശി സ്വദേശി ഷബിനും ഡയാനയ്ക്ക് പുഷ്പഗിരി സ്വദേശി അനുവും ലക്സിക്ക് ശ്രീകൃഷ്ണപുരം സ്വദേശി ഷിജോയും വരൻമാരായി.
മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് ജീസസ്, മേലാറ്റൂർ ലയണ്‍സ് ക്ലബ് ഇന്റർനാഷണൽ എന്നിവയുടെ സഹകരണത്തോടെയായിരുന്നു മനസമ്മതച്ചടങ്ങും തുടർന്ന് തുവൂരിൽ സത്കാരവും നടന്നത്. വിവാഹം അടുത്ത മാസം വരൻമാരുടെ ഇടവകകളിൽ നടക്കും.
1997 ൽ പ്രവർത്തനമാരംഭിച്ച വിമല ഹൃദയാശ്രമത്തിൽ 350 ൽ പരം അന്തേവാസികളാണുള്ളത്. ഇതിൽ പെണ്‍കുട്ടികളെ ഇതിനോടകം വിവാഹം കഴിപ്പിച്ചു. പഠനം പൂർത്തിയാക്കിയ 12 ആണ്‍കുട്ടികളുടെ വിവാഹത്തിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ആശ്രമം.
ഡയറക്ടർ സിസ്റ്റർ ജോസി, സിസ്റ്റർ ബിൻസി, ലയണ്‍സ് ക്ലബ് ഭാരവാഹികളായ മാത്യു സെബാസ്റ്റ്യൻ താഴത്തേൽ, എ.ബാലസുന്ദരൻ, സിസ്റ്റർമാരായ ഹരിത, റോണ എന്നിവർ നേതൃത്വം നൽകി. സത്കാരത്തിൽ പാണ്ടിക്കാട് സിഐ ആർ.അശോകൻ, എസ്ഐമാരായ കെ.എ ആനന്ദൻ, കെ.എൻ.വിജയൻ, പഞ്ചായത്ത് അംഗങ്ങളായ പി.എ മജീദ്, പി.അക്ബർ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.