
ഒറ്റ ദിവസം കൊണ്ട് ലോകപ്രശസ്തയായി അഞ്ചു വയസുകാരി സഞ്ജന. സ്വാതന്ത്ര്യദിനത്തില്‍ തലകീഴായിക്കിടന്ന് 111 അമ്പുകള്‍ ലക്ഷ്യത്തിലേക്ക് എയ്തുവിട്ട് ലോക റിക്കാര്‍ഡ് തിരുത്തിയിരിക്കുകയാണ് ഈ പെണ്‍കുട്ടി. വെറും 13 മിനിറ്റിലാണ് ലോക റിക്കാര്‍ഡ് പ്രകടനം.
എ.എന്‍.ഐയാണ് സജ്ഞനയുടെ കഥ ലോകത്തെ അറിയിച്ചത്. സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയില്‍ സംഘടിപ്പിച്ച മത്സരപരിപാടികള്‍ക്കിടെയാണ് ഈ പെണ്‍കുട്ടി റിക്കാര്‍ഡിട്ടത്.
‘111 അമ്പുകള്‍ 13 മിനിറ്റും 12 സെക്കന്‍ഡു കൊണ്ടാണ് അവള് ലക്ഷ്യത്തില്‍ എത്തിച്ചത്. അതും തലകീഴായി കിടന്ന്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ അംഗീകാരം ലഭിക്കാനായി കാത്തിരിക്കുകയാണ് ഞങ്ങള്‍.’ സജ്ഞനയുടെ പരിശീലകനായ ഷിഹാന്‍ ഹുസൈനി പറയുന്നത് ഇങ്ങനെ.
ഇന്ത്യന്‍ ആര്‍ച്ചറി അസോസിയേഷന് സെക്രട്ടറി ജനറലായ പ്രമോദ് ചന്ദൗര്ക്കര് അഥിതിയായി എത്തിയ ചടങ്ങിലായിരുന്നു സജ്ഞനയുടെ പ്രകടനം. ഇന്ത്യന്‍ ആര്‍ച്ചറി അസോസിയേഷന് ചെയര്‍മാനും മറ്റ് ജഡ്ജസും ഓണ്‍ലൈനായി സജ്ഞനയുടെ പ്രകടനം കണ്ടിരുന്നു. ഗിന്നസ് റിക്കാര്‍ഡിനായി അയക്കാനായുള്ള തയ്യാറെടുപ്പിലാണ് അവര്‍.
വളരുമ്പോള്‍ ഒളിംപിക്സില്‍ ആര്‍ച്ചറിയില്‍ തന്റെ മകള്‍ രാജ്യത്തിനായി നേട്ടങ്ങള്‍ കൊയ്യുമെന്ന ഉറച്ച വിശ്വാസം സഞ്ജനയുടെ അച്ഛനുണ്ട്. നിരവധി ആളുകളാണ് സഞ്ജനയെ സോഷ്യല്‍ മീഡിയയിലൂടെ പുകഴ്ത്തുന്നത്.