തൃക്കൂർ മേക്കട്ടി: കുടുംബവഴക്കിനെ തുടർന്ന് അഞ്ചുവയസുള്ള മകനുമായി യുവതിയായ വീട്ടമ്മ കുളത്തിൽചാടി. യുവതിയെ രക്ഷിച്ചെങ്കിലും മകൻ മരിച്ചു. എടക്കുന്നി ശിവദാസിന്റെ മകൻ ആദർശ് (ആദി) ആണ് മരിച്ചത്. ഇന്നു പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം.
വാടകവീട്ടിൽ താമസക്കാരായ ശിവദാസനും ഭാര്യ അശ്വതിയും ഓട്ടിസം ബാധിതനായ മകനും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. വഴക്കിനെ തുടർന്ന് പുലർച്ചെ അശ്വതി മകനെ എടുത്ത് കുളത്തിൽ ചാടുകയായിരുന്നു. ഇരുവരും കുളത്തിൽ ചാടുന്നത് കണ്ട് ഇവരെ രക്ഷിക്കാൻ ഭർത്താവ് ശിവദാസനും പുറകെ കുളത്തിലേക്ക് ചാടി. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ശിവദാസനെയും അശ്വതിയെയും കുളത്തിൽ നിന്ന് രക്ഷിച്ചത്. മകനെ കണ്ടെത്താനായില്ല.
വിവരമറിഞ്ഞെത്തിയ പുതുക്കാട് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് ആദർശിന്റെ മൃതദേഹം കണ്ടെടുത്തത്. ഇവർ താമസിക്കുന്ന വീട്ടുടമസ്ഥന്റെതാണ് കുളം. ശിവദാസനെയും ഭാര്യ അശ്വതിയെയും പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.