ചെന്നൈ: ഉപഭോക്താവിന് 50 പൈസ ബാക്കി നല്‍കാതിരുന്ന തപാല്‍ വകുപ്പിനു പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. 50 പൈസ തിരികെ നല്‍കുന്നതിനൊപ്പം 10,000 രൂപ ഉപഭോക്താവിനു നഷ്ടപരിഹാരം നല്‍കാനാണു കോടതി വിധി.
മാത്രമല്ല, കോടതിച്ചെലവായി 5,000 രൂപ നല്‍കാനും കമ്മീഷൻ ഉത്തരവിട്ടു. കാഞ്ചീപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റേതാണ് ഉത്തരവ്.
2023 ഡിസംബര്‍ 13ന് ചെന്നൈ നഗരപരിധിയിൽപ്പെടുന്ന പൊഴിച്ചാലൂര്‍ പോസ്റ്റ് ഓഫീസിലാണു കേസിനാസ്പദമായ സംഭവം. മാനഷ എന്ന സ്ത്രീയാണു പരാതിക്കാരി.
പോസ്റ്റ് ഓഫീസിൽ ഇവർ രജിസ്റ്റര്‍ ചെയ്ത കത്തിന് 30 രൂപ പണമായി നല്‍കിയെങ്കിലും രസീതില്‍ 29.50 രൂപ എന്നായിരുന്നു ഉണ്ടായിരുന്നത്. 50 പൈസ തിരികെ ചോദിച്ചപ്പോൾ നൽകിയില്ല.
യുപിഐ വഴി കൃത്യമായി തുക അടയ്ക്കാമെന്നു പറഞ്ഞെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തപാല്‍ ഉദ്യോഗസ്ഥര്‍ നിരസിച്ചെന്നും പരാതിയില്‍ പറയുന്നു.