ഇന്ത്യന്‍ നഗരങ്ങളില്‍ വസിക്കുന്ന 50 ശതമാനം പുരുഷന്മാരും കഴിയുന്നത് മീടുവിനെ ഭയന്നെന്ന് സര്‍വേ റിപ്പോര്‍ട്ട്.യൂ ഗവ് ഇന്ത്യ ( YouGov India) 1000 പേരില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരമുള്ളത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 51 ശതമാനം പേരും പുരുഷന്മാരും ബാക്കിയുള്ളവര്‍ സ്ത്രീകളുമാണ്. ഒക്ടബോര്‍ 16 മുതല്‍ 22 വരെയാണ് സര്‍വേ നടത്തിയത്.
പുരുഷന്മാരില്‍ രണ്ടില്‍ ഒരാള്‍ വീതം മീ ടൂവിനെ ഭയക്കുന്നതായിട്ടാണ് സര്‍വേ വ്യക്തമാക്കുന്നത്. ഇനി മുതല്‍ സ്ത്രീകളുമായി ഇടപഴകുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
മൂന്നില്‍ ഒന്ന് പുരുഷന്മാര്‍ സഹപ്രവര്‍ത്തകരായ സ്ത്രീകളുമായിട്ടുള്ള സംസാരം ഇനി ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ട്. അല്ലാത്തപക്ഷം തങ്ങളുടെ സംസാരം തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്ന് ഇവര്‍ ഭയപ്പെടുന്നു. മൂന്നില്‍ ഒന്ന് പുരുഷന്മാരും ജോലി സ്ഥലത്ത് തങ്ങളുടെ ടീമില്‍ എതിര്‍ ലിംഗത്തിലുള്ളവരെ ഉള്‍പ്പെടത്തുന്ന കാര്യത്തില്‍ ജാഗ്രത വേണമെന്ന അഭിപ്രായക്കാരാണ്.
അതേസമയം ചിലര്‍ മീ ടൂ മൂവ്‌മെന്റ് പോസിറ്റീവായിട്ട് കാണുന്നുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു. നഗരത്തിലെ 76 ശതമാനം ഇന്ത്യക്കാരും ലൈംഗിക ഉപദ്രവങ്ങള്‍ ഗുരുതരമായ പ്രശ്നമായിട്ടാണ് കാണുന്നത്. 87 ശതമാനം സ്ത്രീകളും ഇത് അതീവ ഗുരുതരമായ പ്രശ്നമായി വിലയിരുത്തുമ്പോള്‍ പുരുഷന്മാരില്‍ 67 ശതമാനം മാത്രമാണ് ഈ അഭിപ്രായത്തോട് യോജിക്കുന്നത്.ലൈംഗിക ഉപദ്രവം ഗുരുതരമായി വിലയിരുത്തുന്നതില്‍ ഏറിയ പങ്കും യുവാക്കളാണ്.
18 മുതല്‍ 39 വയസിന് ഇടയില്‍ പ്രായമുള്ളവരില്‍ 83 ശതമാനം വിഷയം അതീവ ഗൗരവമുള്ളതായിട്ടാണ് വിലയിരുത്തുന്നത്. 40 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 63 ശതമാനത്തിന് മാത്രമാണ് ഈ അഭിപ്രായമുള്ളത്. സമ്മതിമല്ലാതെ ശാരീകരമായി അടുത്ത് ഇടപഴകുന്നത് മാത്രമല്ല അശ്ലീലമായ ടെക്സ്റ്റ് മെസേജുകളും ഇമേജുകളും അയ്ക്കുന്നതും ലൈംഗിക ദുരുപയോഗമായി പരിഗണിക്കുന്നവരാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും. എന്തായാലും പുറത്തുവന്ന മീടൂ ആരോപണങ്ങള്‍ സമൂഹത്തെ ഏതുരീതിയില്‍ ബാധിക്കുന്നു എന്നതിന്റെ പ്രതിഫലനമാവുകയായിരുന്നു സര്‍വേ.