ബംഗളൂരു: കറന്‍സികളുടെ നിരോധനത്തെത്തുടര്‍ന്നു ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ മുന്‍മന്ത്രിയും ബിജെപി നേതാവുമായ ജി. ജനാര്‍ദനറെഡ്ഡി മകളുടെ വിവാഹം ആഡംബരമായി നടത്തുന്നതിനെതിരേ വിമര്‍ശനം. 500 കോടിയോളം പൊടിച്ചാണു വിവാഹം നടത്തുന്നത്. ആഢംബര വിഹത്തില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് പല പ്രമുഖരും രംഗത്ത് എത്തി. വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് കൃഷി മന്ത്രി കൃഷ്ണ ഗൗഡ വ്യക്തമാക്കി.
വിവാഹത്തിനായി ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ കൊട്ടാരത്തിന്റെ മാതൃകയിലുള്ള പന്തല്‍ തയാറാക്കിയിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന കൃഷ്ണദേവരായരുടെ വിജയനഗര സാമ്രാജ്യത്തിലെ സുവര്‍ണകൊട്ടാരത്തിന്റെ മാതൃകയിലാണു പന്തല്‍. ഇതിനുവേണ്ടി മാത്രം 150 കോടിയോളം ചെലവായി. ബോളിവുഡ് ചിത്രം ദേവദാസിന്റെ സെറ്റ് ഒരുക്കിയ ബോളിവുഡ് ആര്‍ട്ട് ഡയറക്ടര്‍മാരായ സുജീത് സാവന്ത്, ശ്രീരാം അയ്യങ്കാര്‍ എന്നിവരാണു പന്തല്‍ നിര്‍മാണത്തിനു പിന്നില്‍.
അഞ്ചുലക്ഷത്തോളം പേര്‍ ആഡംബര വിവാഹത്തിനെത്തുമെന്നാണ് അറിയുന്നത്. അതേസമയം, പാലസ് ഗ്രൗണ്ടിലെ പന്തലിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനു വിലക്കുണ്ട്. ഒരുലക്ഷത്തോളം പേര്‍ വിവാഹത്തിനു സഹായികളായി ഉണ്ടാകുമെന്നാണു വിവരം. പരിപാടികള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ 2,500 സൂപ്പര്‍വൈസര്‍മാരെയും ആയിരം മാനേജര്‍മാരെയും നിയമിച്ചിട്ടുണ്ട്.
14, 15, 16 തീയതികളിലാണ് രാജ്യം കണ്ടതില്‍വച്ച് ഏറ്റവും ആഡംബര വിവാഹം നടക്കുന്നത്. ആദ്യദിനം, മൈലാഞ്ചിയിടല്‍, രണ്ടാംദിനം വിവാഹനിശ്ചയം, മൂന്നാംദിനം താലികെട്ട് എന്നിങ്ങനെയാണു ചടങ്ങുകള്‍. എല്ലാ ദിവസവും ചലച്ചിത്രതാരങ്ങള്‍ അവതരിപ്പിക്കുന്ന കലാവിരുന്നും ഡിന്നറുമുണ്ടായിരിക്കും. വിവാഹമാമാങ്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാനമന്ത്രിമാര്‍, ഉന്നത രാഷ്ട്രീയ നേതാക്കള്‍, ഹിന്ദി, തെലുങ്ക്, കന്നഡ ചലച്ചിത്രതാരങ്ങള്‍ തുടങ്ങി പ്രമുഖരുടെ നീണ്ടനിരയെയാണു ക്ഷണിച്ചിരിക്കുന്നത്.
പ്രമുഖ ചലച്ചിത്ര താരങ്ങളായ ഷാരൂഖ് ഖാന്‍, പ്രഭുദേവ, കത്രീന കെയ്ഫ് എന്നിവര്‍ നേതൃത്വം നല്‍കുന്ന നൃത്തവിരുന്നും തെലുങ്ക്, കന്നഡ ചലച്ചിത്രതാരങ്ങള്‍ അണിനിരക്കുന്ന മറ്റു കലാപരിപാടികളും വിവാഹത്തോടനുബന്ധിച്ച് അരങ്ങേറും.
അതിഥികള്‍ക്കായി ബംഗളൂരു നഗരത്തിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലായി 1,500 റൂമുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. അതിഥികളെ വിവാഹവേദിയിലേക്കു കൊണ്ടുവരുന്നതിനായി 2000ത്തോളം ആഡംബര ടാക്‌സികളും ഏര്‍പ്പാടാക്കിക്കഴിഞ്ഞു. വിവാഹത്തിനെത്തുന്ന 30,000 വരുന്ന അതിവിശിഷ്ട അതിഥികളെ എത്തിക്കാനായി പാലസ് ഗ്രൗണ്ടില്‍ 15 ഹെലിപ്പാഡുകളും തയാറാക്കുന്നുണ്ട്. പ്രതിദിനം എട്ടു ലക്ഷം രൂപ വാടക നല്‍കിയാണു ജനാര്‍ദനന്‍ റെഡ്ഡി സ്വന്തം ആവശ്യത്തിനായി ഏറെ വിശാലമായ പാലസ് ഗ്രൗണ്ട് അപ്പാടെ തത്കാലത്തേക്കു സ്വന്തമാക്കിയിരിക്കുന്നത്.
മകള്‍ ബ്രാഹ്മിണിയുടെ വിവാഹത്തിനായി ജനാര്‍ദനറെഡ്ഡി തയാറാക്കിയ ക്ഷണക്കത്ത് ഏറെ ചര്‍ച്ചയായിരുന്നു. അദ്ദേഹവും കുടുംബവും അഭിനയിച്ച വീഡിയോ ഗാനം തെളിയുന്ന എല്‍സിഡി ക്ഷണക്കത്താണ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചത്. തുറക്കുമ്പോള്‍ വീഡിയോ തെളിയുന്ന തരത്തിലുള്ള കത്തിലെ വീഡിയോ ഗാനം തെലുങ്ക് സംവിധായകനായ സായികുമാറാണു സംവിധാനം ചെയ്തത്.
ഒരു ക്ഷണക്കത്തിന് 20,000 രൂപയാണ് ചെലവാക്കിയത്. അനധികൃത ഖനനക്കേസില്‍ മൂന്നു വര്‍ഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണു കോടികള്‍ പൊടിച്ചു മകളുടെ വിവാഹം ആഡംബരമാക്കാന്‍ ഒരുങ്ങുന്നത്. വമ്പന്‍ വിവാഹമണ്ഡപത്തില്‍ വലിയ എല്‍സിഡി സ്ക്രീനുകള്‍, ഫ്രീ വൈഫൈ ഹോട്ടസ്‌പോട്ട്, ഡ്രോണ്‍ കാമറകള്‍ എന്നിവയും മറ്റു ഹൈടെക് സംവിധാനങ്ങളുമുണ്ടാകും. ഒരു ലക്ഷത്തോളം അതിഥികളെത്തുന്ന വിവാഹ ചടങ്ങിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന ആശങ്കയിലാണ് ബംഗളൂരു പോലീസ്.