കൊച്ചി: പുറംകടലില്‍നിന്നും 25,000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങി കേന്ദ്ര നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി).
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുളളില്‍ എവിടെ വച്ചാണ് പാക് പൗരനെ പിടികൂടിയതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.
കോടതിയില്‍ എന്‍സിബി സമര്‍പ്പിച്ച രേഖകളില്‍ ഇക്കാര്യം വ്യക്തമല്ല. പ്രതി അറസ്റ്റിലായത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണെന്നതില്‍ വ്യക്തത വേണം. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
ലഹരി പിടിച്ചെടുത്തത് ഇന്ത്യന്‍ സമുദ്ര അതിര്‍ത്തിയില്‍ വച്ചല്ലെന്നും പിടിയിലായ പാക്പൗരന്‍ ഇറാനിലെ അഭയാര്ഥിയാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് എന്‍സിബി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്.
കസ്റ്റഡി അപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
പ്രതിയായ പാക് പൗരനായ സുബൈറിന്റെ കസ്റ്റഡി അപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് ഇന്ന് വീണ്ടും പരിഗണിക്കും. നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
മൂവായിരം കിലോയോളം തൂക്കമുളള മെത്താംഫിറ്റമിനാണ് നാവിക സേനയുടെ സഹായത്തോടെ കഴിഞ്ഞ 13ന് കേന്ദ്ര നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് പാക് പൗരനായ സുബൈറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിക്കാനാണ് എന്‍സിബി അപേക്ഷ നല്‍കിയിരിക്കുന്നത്.