കെ. ഷിന്റുലാല്‍
കോഴിക്കോട്: ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തെ ഇടനാഴിയാക്കി വന്‍തോതില്‍ കള്ളപ്പണം കൈമാറിയതായി വെളിപ്പെടുത്തല്‍ .
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ ഏതാനും ദിവസം മുമ്പ് പിടിയിലായ കൊരട്ടി പോലീസിന്റെ കസ്റ്റഡിയിലുള്ള മലപ്പുറം സ്വദേശി പുന്നക്കോട്ടില്‍ മുഹമ്മദ് സലീമാണ് അന്വേഷണ ഏജന്‍സികള്‍ മുമ്പാകെ ഇക്കാര്യം വ്യക്തമാക്കിയത്.
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട് തെലങ്കാന പോലീസിന്റെ കസ്റ്റഡിയിലുള്ള തൊടുപുഴ സ്വദേശിയുമായ മുഹമ്മദ് റസാലിനാണ് മലപ്പുറം കോട്ടക്കലില്‍വച്ച് 500 രൂപയുടെ 19 ലക്ഷത്തോളം കള്ളപ്പണം കൈമാറിയത്.
റസല്‍ ഈ തുക ഉപയോഗിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലില്നിന്ന് സിമ്മുകള്‍ ശേഖരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അതേസമയം കള്ളനോട്ടുകളുടെ ഉറിവടം സംബന്ധിച്ച് അന്വേഷസംഘം കൂടുതല്‍ വെളിപ്പെടുത്തിയിട്ടില്ല. സലീമിനെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
കോഴിക്കോട് കേസില്‍ ഒളിവില്‍ കഴിയുന്ന ഷബീര്‍, ഹൈദരാബാദില്‍ അറസ്റ്റിലായ റസാല്‍ എന്നിവരുമായി സലീമിന് അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ സിബ്രാഞ്ച് കണ്ടെത്തിയിരുന്നു.
തെലങ്കാന പോലീസ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസുമായി ബന്ധപ്പെട്ട് റസാലിനെ പിടികൂടി. ചോദ്യം ചെയ്യലിനിടെ കള്ളനോട്ടുകള്‍ വീട്ടിലുണ്ടെന്ന് റസാല്‍ മൊഴി നല്കി.
ഇതുപ്രകാരം തെലങ്കാന പോലീസ് തൊടുപുഴയിലെ വീട്ടിലെത്തി കള്ളനോട്ടുകള്‍ കണ്ടെടുത്തതായാണ് സിബ്രാഞ്ചിന് ലഭിച്ച വിവരം.
സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിനും ഹവാല ഇടപാടുകാര്‍ക്കും സിമ്മുകള്‍ വ്യാജമായി സംഘടിപ്പിച്ചു നല്‍കുന്നത് റസാലാണെന്ന് നേരത്തെ തന്നെ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
ഇപ്രകാരം വ്യാജ സിമ്മുകള്‍ ഉപയോഗിച്ച് പെടിഎം വഴിയും മറ്റും വിവിധ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി സിബ്രാഞ്ചിനും വിവരം ലഭിച്ചിട്ടുണ്ട്.
കേരളത്തില്‍വച്ച് കള്ളനോട്ടുകള്‍ കൈമാറിയ സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയും പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
റസാലിനെതിരേ തെലങ്കാനയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് എന്‍ഐഎ ഏറ്റെടുക്കാനുള്ള സാധ്യതയും ഏറെയാണ്. അതേസമയം തെലങ്കാനയില്‍ ജയിലില്‍ കഴിയുന്ന റസാലിനെ ഇന്ന് സിബ്രാഞ്ച് സംഘം ചോദ്യം ചെയ്യും.