കളമശ്ശേരിയില് 500 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്ത സംഭവത്തില് പ്രതിസ്ഥാനത്തുള്ള സ്ഥാപനം ഇറച്ചി വിതരണം ചെയ്തത് 50ലധികം ഹോട്ടലുകളിലേക്കെന്നു കണ്ടെത്തല്.
കളമശേരി കൈപ്പടമുകളില് നിന്ന് പഴകിയ ഇറച്ചി പിടികൂടിയ സ്ഥാപനത്തില് നിന്ന് എറണാകുളത്തെ നിരവധി ഹോട്ടലുകളിലേക്കാണ് ഇറച്ചി വിതരണം ചെയ്തിരുന്നത്. ഇതെല്ലാം സുനാമി ഇറച്ചിയായിരുന്നു എന്നാണ് വിവരം.
500 കിലോ ഇറച്ചി വിതരണം ചെയ്തത് 49 റെസ്റ്റോറന്റുകളില്. നഗരസഭയുടെ ആരോഗ്യവിഭാഗം പുറത്തുവിട്ടു. നഗരത്തിലെ വിവിധ പ്രമുഖ റെസ്റ്റോറന്റുകളിലേക്കൊക്കെ ഈ ഇറച്ചി വിതരണം ചെയ്തിട്ടുണ്ട്.
ഇന്ന് നടത്തിയ പരിശോധനയിലാണ് ബില് ബുക്കും മറ്റും കണ്ടെത്തിയത്. സംഭവത്തില് പോലീസ് കേസെടുത്തു.
പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാര്, മരക്കാര് എന്നിവര്ക്കെതിരെയാണ് കേസെടുത്തത്. പ്രതികള് രണ്ടുപേരും ഒളിവിലാണ്.
അങ്കമാലി, കാക്കനാട്, കളമശേരി എന്നീ ഭാഗങ്ങളിലുള്ള അമ്പതിലധികം ഹോട്ടലുകളിലേക്കാണ് പഴകിയ ഇറച്ചി ഇവര് കൈമാറിയത്. ഹൈദരാബാദിലുള്ള കോഴിയിറച്ചി വില്പ്പനക്കാരില് നിന്നാണ് ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാന് ഇറച്ചി വാങ്ങിയിരുന്നത്.
കാലാവധി കഴിഞ്ഞ മാംസം ട്രെയിന് വഴി കേരളത്തില് എത്തിക്കുകയായിരുന്നു. തുടര്ന്ന് ഈ ഇറച്ചി റെഡി ടു കുക്ക് രൂപത്തിലാക്കി ഹോട്ടലുകളിലേക്ക് കൈമാറുന്നതിനാല് ഇറച്ചിയുടെ കാലപ്പഴക്കം തിരിച്ചറിയാനാകില്ല.
ഏതാനും ദിവസം മുമ്പാണ് കളമശ്ശേരി കൈപ്പടമുകളിലെ വീട്ടില് നിന്നും 500 കിലോ പഴകിയ ഇറച്ചി പിടികൂടുന്നത്.
ദുര്ഗന്ധം വമിക്കുന്നതിനെ തുടര്ന്ന് നാട്ടുകാര് നല്കിയ പരാതിയെ തുടര്ന്ന് നടന്ന പരിശോധനയിലാണ് മൂന്ന് പെട്ടികളിലായി സൂക്ഷിച്ചിരുന്ന പഴകിയ മാംസം കണ്ടെത്തിയത്.