പി. ജയകൃഷ്ണന്
കണ്ണൂര്‍: ദേശീയപാത 17 വികസനത്തിന്റെ ഭാഗമായുളള നിര്‍ദിഷ്ട കണ്ണൂര്‍- കൊച്ചി-തിരുവനന്തപുരം അതിവേഗ പാതയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികൾ അവസാനഘട്ടത്തിൽ.
കണ്ണൂർ ജില്ലയിൽ ഇതിനകം ആവശ്യത്തിനുള്ള ഭൂമിയുടെ പകുതിയോളം ഏറ്റെടുത്തു കഴിഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും 60 ശതമാനത്തിലേറെ ഭൂമികൾ ഏറ്റെടുത്തു കഴിഞ്ഞു.
പാത കടന്നുപോകുന്ന ജില്ലകളിലെ കളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ജില്ലാതല പര്‍ച്ചേഴ്സിംഗ് കമ്മിറ്റിയാണ് ഭൂ വില നിശ്ചയിച്ചു നോട്ടീസ് ഇറക്കിയ ശേഷം ആധാരങ്ങള്‍ പരിശോധിച്ച് ഭൂമി ഏറ്റെടുത്ത് നിശ്ചയിച്ച തുക ഭൂവുടമകള്‍ക്കും നല്‍കുന്നത്.
ഭൂമി ഏറ്റെടുക്കല്‍ 50 ശതമാനം പൂര്‍ത്തിയാകുന്നതോടെ പ്രവൃത്തി ആരംഭിക്കാനാകും.
കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ അക്വിസിഷന്‍ ജോലികള്‍ ഇതിനകം 60 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. കോഴിക്കോടിന്റെ ചില ഭാഗങ്ങള്‍, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് അക്വിസിഷനെതിരേ ചില പ്രതിഷേധം ഉയരുന്നത്.
കണ്ണൂർ ജില്ലയിൽ പാപ്പിനിശേരി മുതല്‍ മുഴപ്പിലങ്ങാടുവരെ കണ്ണൂര്‍ സ്പെഷല്‍ തഹസില്‍ദാരുടെയും മുഴപ്പിലങ്ങാട് മുതല്‍ പളളൂര്‍ വരെ തലശേരി സ്പെഷല്‍ തഹസില്‍ദാരുടെയും നേതൃത്വത്തിലാണ് കണ്ണൂര്‍ ജില്ലയില്‍ അക്വിസിഷന്‍ നടക്കുന്നത്.
ജില്ലയിൽ സർവേ നടപടികൾ തീർക്കാൻ ബാക്കിയുണ്ടായിരുന്ന പാപ്പിനിശേരി വില്ലേജിലെ തുരുത്തിയിൽ ഭൂവുടമകളുടെ കടുത്ത എതിർപ്പിനിടയിലും പോലീസ് സാന്നിധ്യത്തിൽ സർവേ നടപടികൾ അവസാനഘ്ട്ടത്തിലാണ്.
പാപ്പിനിശേരി തുരുത്തിയിലെ 5.2765 ഹെക്ടറിന്റെയും ചിറക്കൽ വില്ലേജിലെ കോട്ടക്കുന്ന് മേഖലയിലെ 14.5780 ഹെക്ടറിന്റെയും നടപടിക്രമങ്ങളാണ് പ്രതിഷേധത്തിനിടയിലും ഊർജിതമാക്കിയത്.
ആദ്യ റീച്ചായ തളിപ്പറന്പിൽ കാസർഗോഡ് അതിർത്തിയായ കാലിക്കടവ് മുതൽ മാങ്ങാട് വരെ 117.6775 ഹെക്ടറും രണ്ടാമത്തെ കണ്ണൂർ റീച്ചിലുള്ള മാങ്ങാട് മുതൽ മുഴപ്പിലങ്ങാട് വരെ 84.3962 ഹെക്ടർ സ്ഥലവുമാണ് ഏറ്റെടുക്കേണ്ടത്.
തളിപ്പറമ്പ കാലയുടെ കീഴിൽ വരുന്ന കരിവെള്ളൂർ തളിപ്പറമ്പ വെള്ളൂർ വില്ലേജുകൾക്ക് അനുവദിച്ച 242.91 കോടിയും കോറോം കുഞ്ഞിമംഗലം വില്ലേജ് കൾക്ക് അനുവദിച്ച 59.33 കോടിയും ചെറുതാഴം വില്ലേജിന് അനുവദിച്ച 48.84 കോടി രൂപയും ഭൂവുടമകൾക്ക് നൽകി സ്ഥലം ഏറ്റെടുക്കൽ ജോലികൾ പുരോഗമിച്ച് വരികയാണ്.
കണ്ണൂർ റീച്ചിന് കീഴിലുള്ള വലിയന്നൂർ വില്ലേജിന് അനുവദിച്ച 50 കോടി രൂപയും ഭൂവുടമകൾക്ക് നൽകി സ്ഥലമേറ്റെടുക്കൽ ജോലികൾ ത്വരിതഗതിയിലാണ്.
കണ്ണൂർ ബൈപ്പാസ് ചിറക്കൽ -പുഴാതി -വലിയന്നൂർ -എളയാവൂർ -ചേലോറ -ചെമ്പിലോട് -എടക്കാട് കടമ്പൂർ -മുഴപ്പിലങ്ങാട് വില്ലേജുകളിലൂടെ കടന്ന് പോകും.
പാപ്പിനിശേരി തുരുത്തി പ്രദേശത്തെ ചിറക്കൽ കോട്ടക്കുന്ന് ഭാഗത്തെ ബന്ധിപ്പിക്കുന്ന രീതിയിൽ വളപ്പട്ടണം പാലത്തിന് പുതിയ പാലവും വരുന്നതോടെ വളപ്പട്ടണത്തേയും പാപ്പിനിശേരിയിലേയും നിലവിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാവും.
നിലവിലുള്ള ദേശീയ പാതയിൽ ചാല ജംഗ്ഷനിലാണ് പുതിയ ബൈപ്പാസ് എത്തിചേരുക. ഇത് കാരണം കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്കിനും ശാശ്വത പരിഹാരമാകും.
2021 മാർച്ച് അവസാനത്തോടെ എറ്റെക്കുക്കൽ ജോലി ഏകദേശം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻഎച്ച് അക്വിസിഷൻ വിഭാഗം ഉദ്യോഗസ്ഥർ.