മലപ്പുറത്ത് പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് കഠിന ശിക്ഷ വിധിച്ച് നിലമ്പൂര്‍ പോക്സോ കോടതി.
20 വര്‍ഷം തടവും 70000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. വഴിക്കടവ് കാരക്കോട് ആനപ്പാറ ചോലക്കതൊടി അബ്ദുള്ള എന്ന അബ്ദുമാന്‍ (51) നെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ പി ജോയ് ശിക്ഷിച്ചത്.
2015-2016 കാലയളവില്‍ 10 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പ്രതി കൂട്ടികൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്. പ്രതി ഒടുക്കുന്ന പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി വിധിച്ചു.
പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കും. വഴിക്കടവ് പോലീസ് രജിസ്റ്റര്‍ ചെയ്യത കേസില്‍ നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന കെ എം ദേവസ്യ, പി കെ സന്തോഷ് എന്നിവരാണ് അന്വേഷണം നടത്തിയത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം കെ ഫ്രാന്‍സിസ് ഹാജരായി.