റിയാദ്: സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ 35 പേർ വെന്തുമരിച്ചു. മദീനയിലാണ് സംഭവം. ഏഷ്യൻ- അറബ് വംശജരാണ് മരിച്ചതെന്നാണ് സൂചനകൾ. മരിച്ചവരേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 40ലേറെ യാത്രക്കാരുണ്ടായിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കൂട്ടിയിടിച്ച ശേഷം ബസിന് തീപിടിച്ചതാണ് വലിയ ദുരന്തത്തിനിടയാക്കിയത്. മദീനയിൽ നിന്ന് 170 കിലോമീറ്റർ അകലെ ഫിജറ റോഡിലാണ് അപകടം നടന്നത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മദീന പോലീസിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയാണ് അപകട വിവരം പുറത്തു വിട്ടത്.
പടിഞ്ഞാറൻ സൗദി സിറ്റിയിൽ നിന്നും പുറപ്പെട്ട പ്രൈവറ്റ് ചാർട്ടേർഡ് ബസാണ് അപകടത്തിൽപ്പെട്ടതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ബസ് പൂർണമായും കത്തി നശിച്ചു. മരിച്ചവരിൽ ഇന്ത്യക്കാരുണ്ടോ എന്ന കാര്യം ഇതുവരെയും വ്യക്തമായിട്ടില്ല. അപകടത്തിൽ പരിക്കേറ്റവരെ അൽ-ഹംന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.