തലശേരി: പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു.
പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴെ കളത്തിൽ ശ്യാംജിത്തുമായി (25) പോലീസ് നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.
ശ്യാംജിത്തിന്റെ വീടിനു സമീപം കുഴിയിൽ ബാഗിനുള്ളിലായി ആയുധങ്ങൾ ഒളിപ്പിച്ച നിലയിലായിരുന്നു.
കൊലയ്ക്കുപയോഗിച്ച ചുറ്റിക, കത്തി, ഗ്ലൗസ് എന്നിവയും ആ സമയം ധരിച്ചിരുന്ന വസ്ത്രങ്ങളും ഷൂസും ബാഗിനുള്ളിലുണ്ടായിരുന്നു.
ഇരുതലയും മൂർച്ചയുള്ള ആയുധവും മുളകുപൊടിയും പവർബാങ്കും വെള്ളക്കുപ്പിയും ബാഗിനുള്ളിൽ കണ്ടെത്തി.
കൊലപാതകത്തിനു ശേഷം ഇവ ബാഗിനുള്ളിലാക്കി ഒളിപ്പിച്ചതാണെന്ന് പ്രതിപോലീസിനോടു പറഞ്ഞു. ബാഗിനു മുകളിൽ കല്ല് എടുത്തുവച്ച നിലയിലായിരുന്നു.
പാനൂർ ടൗണിലെ സ്വകാര്യ ലാബ് ജീവനക്കാരി പാനൂർ വള്ള്യായിയിലെ കണ്ണച്ചാൻകണ്ടി ഹൗസിൽ വിനോദിന്റെ മകൾ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെ 11 നു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത് ഇരുകൈകളും വെട്ടിമുറിച്ച നിലയിൽ കിടപ്പുമുറിയിലായിരുന്നു.
ആക്രമണസമയത്ത് വീട്ടിൽ തനിച്ചായിരുന്നു വിഷ്ണുപ്രിയ. ആറു ദിവസം മുന്പ് വിഷ്ണുപ്രിയയുടെ അച്ഛന്റെ അമ്മ മരിച്ചതിനാൽ കുടുംബാംഗങ്ങളും ബ ന്ധുക്കളും തൊട്ടടുത്ത തറവാട്ടുവീട്ടിലായിരുന്നു.
ഏറെനേരം കഴിഞ്ഞും വിഷ്ണുപ്രിയയെ കാണാത്തതിനെത്തുടർന്ന് അമ്മ ബിന്ദു അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതകവിവരം അറിയുന്നത്.
തൊപ്പിയും ബാഗുമായി ഒരാളെ വിഷ്ണുപ്രിയയുടെ വീടിനുമുന്നിൽ കണ്ടതായി നാട്ടുകാർ മൊഴി നൽകിയിരുന്നു.
വിഷ്ണുപ്രിയയുടെ ഫോണിലേക്കു വന്ന കോളുകൾ പരിശോധിച്ചതിൽനിന്നാണ് പ്രതിയിലേക്ക് എത്തിയത്. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി.