ഡിവൈഎഫ്ഐ നേതാവിന്റെ വീടിനോടു ചേര്‍ന്ന ഷെഡില്‍ നിന്നും 2.815 ടണ്‍ തമിഴ്നാട് റേഷനരി പൊലീസും സിവില്‍ സപ്ലൈസ് വകുപ്പും ചേര്‍ന്നു പിടികൂടി.
വാളയാര്‍ ഡാം റോഡ് സ്വദേശിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ വാളയാര്‍ മുന്‍ മേഖലാ പ്രസിഡന്റുമായ എ.ഷെമീറിന്റെയും പിതാവിന്റെയും ഉടമസ്ഥതയിലുള്ള ഷെഡില്‍ നിന്നാണ് അരി പിടികൂടിയത്.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട് കൈമാറുമെന്നു താലൂക്ക് സപ്ലൈ ഓഫിസര്‍ ജെ.എസ്.ഗോകുല്‍ദാസ് അറിയിച്ചു.
തുടര്‍ പരിശോധനയ്ക്കു ശേഷം ഇയാള്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം കേസെടുക്കാനും പിടികൂടിയ അരി കണ്ടുകെട്ടാനും സിവില്‍ സപ്ലൈസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രഹസ്യവിവരത്തെത്തുടര്‍ന്നു വാളയാര്‍ എസ്ഐ ആര്.രാജേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് 56 ചാക്കുകളിലായി സൂക്ഷിച്ച റേഷന്‍ അരി കണ്ടെത്തിയത്.
സംസ്ഥാന അതിര്‍ത്തിയിലെ ഊടുവഴികളിലൂടെ ഉദ്യോഗസ്ഥരുടെ പരിശോധന വെട്ടിച്ചാണു തമിഴ്നാട്ടില്‍ നിന്നു റേഷനരി കടത്തുന്നത്.
ഇവിടെ നിന്നു കഞ്ചിക്കോട്ടെ മില്ലിലെത്തിച്ചു പോളിഷ് ചെയ്യും. തുടര്‍ന്ന് പ്രത്യേക ബ്രാന്‍ഡ് ചെയ്തു വില്‍ക്കുകയാണ് പതിവ്.
ഇത്തരത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തോളമായി തമിഴ്നാട് റേഷനരി കടത്തു നടക്കുന്നുണ്ടെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിനു ലഭിച്ച വിവരം.
മാത്രമല്ല,പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തിയാല്‍ വിവരം നല്കാന് പ്രധാന ജംഗ്ഷനുകളില്‍ തൊഴിലാളികളെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.
കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ തമിഴ്നാട്ടില്‍ നിന്നു കൊണ്ടുവരുന്ന അരി പോളിഷ് ചെയ്ത് 35-40 രൂപ വരെ വിലയ്ക്കാണു മറിച്ചുവില്‍ക്കുന്നത്.
എസ്ഐ ആര്.രാജേഷ്, സീനിയര്‍ സിപിഒമാരായ എം.ശ്രീജിത്ത്, പി.സി.ഷൈനി, താലൂക്ക് സപ്ലൈ ഓഫിസര്‍ ജെ.എസ്.ഗോകുല്‍ദാസ്, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ എസ്.രഞ്ജിത്ത്, ആര്.ബിലാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇതിനിടയില്‍ റേഷനരിയുമായി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച പാലക്കാട് സ്വദേശികളായ സുജിത് (27), സഞ്ജീവ് (33) എന്നിവരെ പൊള്ളാച്ചി പോലീസ് അറസ്റ്റ് ചെയ്തു.
നെഗമം വഴി കേരളത്തിലേക്കു റേഷനരി കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നു നടത്തിയ വാഹനപരിശോധനയിലാണ് വാനില്‍ കടത്താന്‍ ശ്രമിച്ച 1500 കിലോ റേഷനരി പിടികൂടിയത്.