വിവിധ കേസുകളിലായി പിടിച്ചെടുത്ത് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 581 കിലോഗ്രാം കഞ്ചാവ് എലി തിന്നതായി ഉത്തര്‍പ്രദേശ് പോലീസ്.
കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് മഥുര പൊലീസ് ഇക്കാര്യം അറിയിച്ചത്. മഥുരയിലെ ഷെല്‍ഗഢ്, ഹൈവേ പൊലീസ് സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 581 കിലോഗ്രാം കഞ്ചാവ് എലി തിന്നെന്നാണ് പോലീസ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതിനാല്‍ തൊണ്ടിമുതല്‍ ഹാജരാക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിടിച്ചെടുത്ത കഞ്ചാവ് ഹാജരാക്കാന്‍ ഈ വര്‍ഷം ആദ്യം കോടതി പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു.
ഇതോടെയാണ് കഞ്ചാവ് മുഴുവന്‍ എലി തിന്നെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. എലികള്‍ കാഴ്ചയ്ക്കു ചെറുതാണെങ്കിലും ഭയങ്കര ശല്യക്കാരാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ഇവയ്ക്കു പോലീസിനെയൊന്നും പേടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
അറുപതു ലക്ഷത്തിന്റെ കഞ്ചാവാണ് എലികള്‍ തിന്നു നശിപ്പിച്ചത്. ഇതിനു തെളിവു ഹാജരാക്കാന്‍ അഡീഷനല്‍ ജില്ലാ ജഡ്ജി മഥുര എസ്എസ്പിക്കു നിര്‍ദേശം നല്കി.
നേരത്തെ ഇറ്റാവ പോലീസ് സ്റ്റേഷന് പരിധിയില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1400 കാര്‍ട്ടണ്‍ മദ്യം എലികള്‍ കുടിച്ചുതീര്ത്തെന്നാണ് അന്നു പോലീസ് കോടതിയെ അറിയിച്ചത്.
ഇത് അന്വേഷിക്കാന്‍ കോടതി ഉത്തരവിടുകയും തുടര്‍ന്ന് പോലീസുകാര്‍ മദ്യം മറിച്ചുവിറ്റതായി കണ്ടെത്തുകയും ചെയ്തിരുന്നു.