പോപ്പുലര് ഫ്രണ്ട് നടത്തുന്ന ഹര്ത്താലില് സംസ്ഥാനത്തുടനീളം കെഎസ്ആര്‍ടിസി ബസുകള്ക്കു നേരെ വ്യാപക അക്രമം.
പോപ്പുലര് ഫ്രണ്ടുകാരുടെ ആക്രമണത്തില് കെഎസ്ആര്ടിസിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കല്ലേറില് 11 ജീവനക്കാര്ക്ക് പരിക്കേറ്റു.
59 ബസുകള്‍ക്ക് കേടുപാടുകളുണ്ടായി. ഇതില് ഒരെണ്ണം ലോഫ്ളോര് എസി ബസും ഒരെണ്ണം കെ-സ്വിഫ്റ്റ് ബസുമാണ്.
പോലീസ് സംരക്ഷണം നല്കിയാല് കെഎസ്ആര്‍ടിസി പരമാവധി സര്വീസുകള് നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി.
ബസുകള്‍ തകര്ത്തതിലൂടെ 40 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 2432 ബസുകള്‍ സര്വീസ് നടത്തി. മൊത്തം സര്വീസിന്റെ 62 ശതമാനം ബസുകളും നിരത്തിലിറങ്ങിയതായി മാനേജ്മെന്റ് അവകാശപ്പെട്ടു.
അതേസമയം, ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ബസുകള്‍ക്കുണ്ടായ നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ട്.തിരുവനന്തപുരം ബാലരമപുരം കല്ലമ്പലത്ത് ബൈക്കിലെത്തിയ സംഘം ബസിന് നേരെ കല്ലെറിഞ്ഞു.ഡ്രൈവര്‍ സുനില്‍ കുമാറിന് കണ്ണിനാണ് പരിക്കേറ്റത്.
ഇതിനിടയില്‍ സമരക്കരുത്ത് ആനവണ്ടിയോട് കാണിക്കരുതേയെന്ന് അപേക്ഷിച്ച് കെഎസ്ആര്‍ടിസി ഫേസ്ബുക്കില്‍ കുറിപ്പിട്ടു. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അപേക്ഷ.
കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്
അരുതേ …
ഞങ്ങളോട് …
പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് …
പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാന്‍ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക …
ഇനിയും ഇത് ഞങ്ങള്‍ക്ക് താങ്ങാനാകില്ല.
പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാന്‍ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവര്‍ ഒന്നു മനസ്സിലാക്കുക … നിങ്ങള്‍ തകര്‍ക്കുന്നത്… നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാര്‍ഗ്ഗത്തെയാണ്…
ആനവണ്ടിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക …
ഇന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ക്കുനേരേയും ജീവനക്കാര്‍ക്കു നേരേയും വ്യാപകമായ അക്രമങ്ങള്‍ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.