സിഡ്നി: സ്ട്രോബറി പഴങ്ങളിൽനിന്നു വ്യാപകമായി തയ്യൽസൂചികൾ കണ്ടെടുത്ത സംഭവത്തിൽ അറസ്റ്റിലായ വയോധികയ്ക്ക് ബ്രിസ്ബേനിലെ കോടതി ജാമ്യം നിഷേധിച്ചു. മൈ ഉത് ട്രിന (50) ആണ് കേസിൽ അറസ്റ്റിലായത്. ഒരു സ്ട്രോബറി ഫാക്ടറിയിലെ സൂപ്പർ വൈസറായിരുന്നു ഇവർ. അസൂയ മൂലമാണ് ഇവർ സ്ട്രോബറി പഴങ്ങളിൽ തയ്യൽസൂചി കുത്തിക്കയറ്റിയതെന്നാണ് പോലീസ് ഭാഷ്യം.
എന്നാൽ അസൂയ ഉണ്ടാവാനുള്ള കാരണം പോലീസ് വ്യക്തമാക്കിയില്ല. ഇതിനായി ഇവർ ഒരു കോഴ്സും പഠിച്ചിരുന്നതായി പോലീസ് പറയുന്നു. ജാമ്യം നൽകിയാൽ ഇവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. എന്നാൽ ആരോപണം കെട്ടിച്ചമച്ചതാണെന്ന് മൈ ഉത് ട്രിനയുടെ അഭിഭാഷകൻ പറഞ്ഞു.
സെപ്റ്റംബറിൽ സൂപ്പർ മാർക്കറ്റുകളിൽനിന്ന് വിൽപന നടത്തിയ സ്ട്രോബറി പഴങ്ങൾക്കുള്ളിലാണ് തയ്യൽ സൂചികൾ കണ്ടെത്തിയത്. സ്ട്രോബറി പഴം കഴിച്ച ഒരാളെ വയറു വേദന മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്താകുന്നത്.
സ്ട്രോബറിയുൾപ്പെടെയുള്ള പഴങ്ങൾക്കുള്ളിൽനിന്ന് സൂചി കണ്ടെത്തിയ സംഭവങ്ങൾ ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ജനങ്ങൾ ഭീതിയിലായിരുന്നു. ന്യുസിലൻഡിലും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ട്.സമഗ്രമായ അന്വേഷണത്തിനൊടുവിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. എൻഫോഴ്സ്മെന്റ്, ഇന്റലിജൻസ് വിഭാഗങ്ങളെ ഉൾപ്പെടെ ഏകോപിപ്പിച്ചു ദേശവ്യാപകമായ അന്വേഷണമാണു നടത്തിയത്.
സൂചി ഭീഷണി ഉയർന്നതോടെ രാജ്യത്ത് സ്ട്രോബറി പഴങ്ങളുടെ വിൽപന കുത്തനെ താഴ്ന്നിരുന്നു. കർഷകർ ടണ്കണക്കിനു പഴങ്ങളാണ് വെറുതെ കളഞ്ഞത്. സർക്കാർപ്രതിപക്ഷ വാക്പോരിനു പോലും സംഭവം കാരണമായി. സ്ട്രോബറി പഴങ്ങൾക്കു കുഴപ്പമില്ലെന്നു തെളിയിക്കാൻ പ്രത്യേക കാംപെയ്നുകളും നടന്നു. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തുന്നവർക്ക് ക്വീൻസ്ലൻഡ് അധികൃതർ വൻതുകയാണു പ്രതിഫലമായി പ്രഖ്യാപിച്ചിരുന്നത്.
കുറ്റക്കാർക്ക് ജയിൽ ശിക്ഷയുൾപ്പെടെ നൽകുമെന്ന് ഓസ്ട്രേലിയൻ സർക്കാരും അറിയിച്ചിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളിൽ പിടിയിലാകുന്നവർക്ക് 10 മുതൽ 15 വർഷം വരെ തടവുശിക്ഷ നൽകണമെന്നതാണു സർക്കാർ നയം.