നിയാസ് മുസ്തഫ
ദേശീയ രാഷ്ട്രീയത്തിൽ ‘ചാണക്യൻ’ എന്ന വിശേഷണമാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കുള്ളത്. സർക്കാരുകളെ വീഴ്ത്തിയും ഭരണം പിടിച്ചുമൊക്കെ കരുത്തുകാട്ടിയ അമിത് ഷായ്ക്ക് പക്ഷേ മഹാരാഷ്ട്രയിൽ തോൽക്കേണ്ടി വന്നു.
എന്സിപി വിട്ട് വന്ന അജിത് പവാറിനെ പൂർണമായി വിശ്വസിച്ചതാണ് അമിത് ഷായുടെ കണക്കുകൂട്ടലുകൾ തെറ്റാൻ കാരണം. ആകെയുള്ള 54 എൻസിപി എംഎൽഎമാരിൽ പകുതി പേരെങ്കിലും അജിത് പവാറിനോടൊപ്പം പുതിയ സർക്കാരിന്റെ ഭാഗമാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു.
അജിത് പവാറിനോടൊപ്പം വരുന്ന പകുതി എംഎൽഎമാരെയും സ്വതന്ത്ര പക്ഷത്തുനിൽക്കുന്ന എംഎൽഎമാരെയും കൂട്ടുപിടിച്ച് ഭരണം പിടിക്കാമെന്നായിരുന്നു അമിത് ഷായുടെ കണക്കുകൂട്ടൽ. പക്ഷേ അജിത് പവാറിന്റെ ‘പവർ’ ചോർന്നത് അമിത് ഷായ്ക്കും ബിജെപിക്കും ഇരുട്ടടിയാണ് സമ്മാനിച്ചത്. അതേസമയം, ഈ കളിയിൽ ശരത് പവാറിന്റെ ‘പവർ’ വർധിക്കുകയും ചെയ്തു. ശരിക്കും കിംഗ് മേക്കർ അദ്ദേഹമാണ്.
ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാർ യാഥാർഥ്യമാകാൻ എല്ലാത്തിനും ചുക്കാൻ പിടിച്ച ശരത് പവാറിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് അജിത് പവാർ മറുകണ്ടം ചാടിയത്. ആദ്യമൊന്നു പകച്ചെങ്കിലും മണിക്കൂറുകൾക്കകം അജിത് പവാറിനൊപ്പം പോയതും പോകാനിരുന്നതുമായ എംഎൽഎമാരെ തന്റെ കളത്തിൽ കൊണ്ടുവാൻ ശരത് പവാറിനായി എന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ മികവ്.
അനന്തരവൻ ചതിച്ചത് ശരത് പവാറിനെ വല്ലാതെയങ്ങ് ഉലച്ചു. ത്രി കക്ഷി സർക്കാരിലേക്ക് ഭരണം തിരികെ കൊണ്ടുവന്നില്ലെങ്കിൽ അതു തന്റെ രാഷ്ട്രീയ വനവാസത്തിന് ഇടയാക്കുമെന്ന് അദ്ദേഹത്തിനറിയാം. ഇതോടെയാണ് സടകുടഞ്ഞെഴുന്നേറ്റ് സകല തന്ത്രവും അദ്ദേഹം പയറ്റിയതും എൻസിപി എംഎൽഎമാരെ തിരികെ കൊണ്ടുവന്നതും. വരാനിരിക്കുന്നത് ശരത് പവാറിന്റെ നാളുകൾ കൂടിയാണ്.