നിലവിലുള്ള അതിവേഗ ഇന്റര്‍നെറ്റ് സ്പീഡിനെ നിഷ്പ്രഭമാക്കിയാണ് 5ജി എത്തിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നീക്കങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയാണ് 5ജി അരങ്ങത്തെത്തുന്നത്. 3ജി, 4ജി യുഗത്തില്‍ പിന്‍തള്ളപ്പെട്ടു പോയ പഴയ മൊബൈല്‍ഫോണ്‍ ഭീമന്‍ നോക്കിയ 5ജിയിലൂടെ ഒരു രണ്ടാം വരവിനാണ് ശ്രമിക്കുന്നത്.
5ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും ഒരു എച്ച്ഡി മൂവി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ 5 സെക്കന്‍ഡ് വേണ്ട. അതേ മൂവി 4ജി നെറ്റ്വര്‍ക്കില്‍ വലിച്ചെടുക്കാന്‍ 6-മിനുറ്റാണ് വേണ്ടത്. 4ജിയെക്കാള്‍ 100 ശതമാനം വേഗതയാണ് 5ജി കൊണ്ടുവരുന്നത്. എന്നാല്‍, സിനിമാ ഡൗണ്‍ലോഡിംഗ് ഒക്കെ സാധാരണക്കാരന്റെ പ്രശ്നങ്ങളാണെങ്കില്‍, നിരവധി ശാസ്ത്രശാഖകള്‍ 5ജിയുടെ ചിറകിലേറാന്‍ കാത്തിരിക്കുകയാണ് ചില ഉദാഹരണങ്ങള്‍ നോക്കാം.
അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍, ആശുപത്രി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ക്ക്, പൊലീസ് വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ഡ്രോണുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള തത്സമയ സെന്‍സര്‍ ഡേറ്റ, നിര്‍ണ്ണായകമായ രീതിയില്‍ ഉപയോഗപ്പെടുത്താനാകും. ആശുപത്രിയിലെത്തിക്കാന്‍ കൊണ്ടുവരുന്ന രോഗിയെക്കുറിച്ചുള്ള വിശദാംശങ്ങളും മെഡിക്കല്‍ രേഖകളുമെല്ലാം രോഗിയെ കൊണ്ടുവരുന്നതിനു മുന്‍പെത്തിച്ച് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താം. ഭാഗികമായോ പൂര്‍ണ്ണമായോ ആയി സ്വയം നിയന്ത്രണശേഷിയുള്ള വാഹനങ്ങള്‍ക്ക് തമ്മില്‍ സംവദിക്കുന്നതിന് ഇത് സഹായകമാവും.
ഫാക്ടറികളിലെ, എപ്പോഴും ഇന്റര്‍നെറ്റ് ബന്ധിതമായി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് നിര്‍മാണ ഉപകരണങ്ങള്‍ക്കു വരുന്ന കേടുകള്‍ അവയ്ക്കു തന്നെ കണ്ടെത്താനും, പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കാനും സാധിക്കും. പണി മുടങ്ങാതെ തന്നെ ഇതു ചെയ്യാമെന്നതാണ് ഇത്തരം ഒരു ഡേറ്റാ കണക്ഷന്റെ ഗുണമായി പറയുന്നത്. ഗിഗാബൈറ്റ്-വേഗമുള്ള വയര്‍ലെസ് ബ്രോഡ്ബാന്‍ഡ്, വ്യവസായങ്ങളെയും, പൊതു ഗതാഗതത്തെയും, സ്റ്റേഡിയങ്ങളെയും, വിദ്യാഭ്യാസ ക്യാമ്പസുകളെയും, സ്‌കൂളുകളെയും, മാളുകളെയും, പാര്‍ക്കുകളെയും മറ്റു പൊതു സ്ഥലങ്ങളെയും മുന്‍പ് സാധ്യമല്ലാതിരുന്ന രീതിയില്‍ മാറ്റിമറിക്കുമെന്നു കരുതുന്നു. വെര്‍ച്വല്‍ റിയാലിറ്റി ട്രെയ്നിംഗ് പല ജോലിക്കാര്‍ക്കും പരിശീലനം നല്‍കുന്ന രീതിയിലും മാറ്റം വരുത്തും.
ഒരു പക്ഷെ ചിന്തിക്കാന്‍ കഴിയാത്ത അത്ര വലിയ മാറ്റങ്ങളായിരിക്കും ഇനി വരാന്‍ പോകുന്നത്. സാങ്കേതിക വിദ്യ വികസിക്കുന്നത് കുറേ ആളുകളുടെ ജോലി നഷ്ടപ്പെടുത്തും. മനുഷ്യരാശിയുടെ ഏറ്റവും സുവര്‍ണ്ണമായ ഏടായിരിക്കാം അടുത്ത രണ്ടു പതിറ്റാണ്ടുകള്‍. എന്നാല്‍, അതിനു ശേഷം, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം മുന്‍പൊരിക്കലും ഇല്ലാതിരുന്ന രീതിയില്‍ വര്‍ധിക്കുമെന്നാണ് ചിലര്‍ പറയുന്നത്. സുഖസൗകര്യങ്ങളടക്കമുള്ള കാര്യങ്ങള്‍ ഒരു കൂട്ടം ആളുകള്‍ക്ക് ലഭ്യമാകുമ്പോള്‍ മറുവശത്ത് ജോലിയില്ലാത്തവരുടെ എണ്ണം പെരുകാം.
5ജിയ്ക്കു വേണ്ടുന്ന ചിലവു വഹിക്കാന്‍ പല മൊബൈല്‍ കമ്പനികളും പാടുപെടുമെന്നാണ് പറയപ്പെടുന്നത്.മൊബൈല്‍ യുഎസ്, അമേരിക്കയിലെ 5ജി നെറ്റ്വര്‍ക്ക് ഒരുക്കാന്‍ നോക്കിയയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇതിനു പ്രതിഫലമായിനോക്കിയയ്ക്കു ലഭിക്കുന്നത് 3.5-ബില്ല്യന്‍ ഡോളറാണ്. മൊബൈല്‍ ഫോണ്‍ നിര്‍മാണത്തില്‍ നിന്നു പിന്‍വലിഞ്ഞ ഈ ഫിന്‍ലന്‍ഡ് കമ്പനിക്ക് ലഭിക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും വലിയ കരാറാണിത്. ഇത് നോക്കിയയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കിയേക്കാം. ലോകത്ത് ഇന്നേവരെ നടന്ന ഇത്തരത്തിലുള്ള ഏറ്റവും വലിയ ഇടപാടാണിത്.
അമേരിക്കയിലെ മൊബൈല്‍ സര്‍വീസ് സേവനദാദാക്കളില്‍ മൂന്നാം സ്ഥാനത്തുള്ള ടി-മൊബൈല്‍ മറ്റൊരു സേവനദാദാവായ സ്പ്രിന്റുമായി ഒത്തു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഇത് വെരിസണ്‍, എറ്റിആന്‍ഡ്റ്റി (AT&T) എന്നീ ഒന്നും രണ്ടും സ്ഥാനത്തുള്ള കമ്പനികളെ നേരിടാനാണ്. എന്നാല്‍ അമേരിക്കയിലേതു പോലെയല്ല ലോകത്തിന്റെ മറ്റിടങ്ങളില്‍ കാര്യങ്ങള്‍. 5ജിയെ സ്വാഗതം ചെയ്യാനുള്ള പണമില്ലാതെ വിഷമിക്കുകയാണ് പല കമ്പനികളും. അതുകൊണ്ട് കമ്പനികള്‍ തമ്മില്‍ പുതിയ കൂട്ടുകെട്ടുകള്‍ പ്രതീക്ഷിക്കാം. ടി-മൊബൈലിന് 5ജി ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും മറ്റു സര്‍വീസുകളും നോക്കിയ ഒരുക്കിക്കഴിഞ്ഞാല്‍ അതിലൂടെ 600 മെഗാഹെര്‍ട്സ് സ്പെക്ട്രം കവറെജ് സാധ്യമാകുമെന്നാണ് കരുതുന്നത്. ലോകമെമ്പാടും 5ജി എത്തിക്കാന്‍ മൂന്നു കമ്പനികളാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്- ചൈനയുടെ ഹുവാവെ, ഫിന്‍ലന്‍ഡിന്റെ നോക്കിയ, സ്വീഡന്റെ എറിക്സണ്‍ എന്നിവയാണ് അവ.