ഡമാസ്കസ്: മൊറോക്കോയിൽ നോർവെയിൽ നിന്നുള്ള രണ്ട് യുവതികളെ കൊന്ന സംഭവത്തിൽ മൂന്നു ഐഎസ് ഭീകരർ പിടിയിൽ. റിച്ചാഡ് അഫ്റ്റി, ഒൗസിയാദ്, ഇജോദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറകേഷിലെ ഒരു ബസ് സ്റ്റേഷനിൽ നിന്നാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഇവരുടെ മൃതദേഹം ഇംലിൽ ഗ്രാമത്തിൽ നിന്നും കണ്ടെത്തിയത്. ഇതിലൊരാളുടെ തല വെട്ടുകയും ചെയ്തിരുന്നു.
അവധി ആഘോഷിക്കാൻ മൊറോക്കോയിലെത്തിയ നോർവേക്കാരി മറെൻ ഉയ്ലാൻഡ്(28), ലൂസിയ വെസ്റ്റെറാഗെർ ജെസ്പേർസൻ(24) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ ക്രൂരമായി കൊല ചെയ്യുന്നതിന്റെ വീഡിയോയും ഐഎസ് പുറത്തിറക്കിയിരിക്കുന്നു. ഇവർ ദൈവത്തിന്റെ ശത്രുക്കളായിരുന്നുവെന്നും അതിനാൽ ദൈവത്തിന്റെ ആഗ്രഹം നടപ്പിലാക്കുന്നതിനായി തങ്ങൾ ശ്രമിച്ചതെന്ന് ഇവർ വീഡിയോയിൽ പറയുന്നു.
തങ്ങൾ ഇവിടെ പ്രവർത്തനമാരംഭിച്ചുവെന്ന് കണ്ടെത്താൻ സാധിക്കാത്ത മൊറോക്കോ ഇന്റലിജൻസ് സർവീസിനെ ഇതിലൊരു വീഡിയോയിൽ ഭീകരർ പരിഹസിക്കുന്നുമുണ്ട്. കൊല്ലപ്പെട്ട യുവതികൾ രണ്ട് പേരും ഒൗട്ട് ഡോർ ഗൈഡുമാരാകാനായി നോർവീജിയൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുകയായിരുന്നു.
അറ്റ്ലസ് പർവതത്തിന്റെ മുകളിലേക്ക് പോകുന്നതിന് മുന്പ് ഇവർക്കൊപ്പം മൂന്ന് പുരുഷന്മാരെ കണ്ടിരുന്നുവെന്നാണ് റിപ്പോർട്ട്. ടൂറിസ്റ്റുകൾ ഇത്തരത്തിൽ ക്രൂരമായി കൊല്ലപ്പെട്ടത് മൊറോക്കോയിലെ ടൂറിസം മേഖലയിൽ കടുത്ത ഭീതിയാണ് പരത്തിയിരിക്കുന്നത്. രാജ്യത്തെ വരുമാനത്തിന്റെ പത്ത് ശതമാനവും ടൂറിസം മേഖലയിൽ നിന്നാണ്.