തമിഴ് സിനിമകളെ വെല്ലുന്ന സംഭവവികാസങ്ങളാണ് ഇപ്പോൾ തിരുനെൽവേലിയെ വാർത്തകളിൽ നിറയ്ക്കുന്നത്. ഏകദേശം ഒരു വർഷം മുന്‍പ് നടന്ന ഒരു പ്രണയ വിവാഹം ഇതുവരെ അഞ്ച് ജീവനുകളാണ് നഷ്്ടപ്പെടുത്തിയത്.
രക്ഷിതാക്കളുടെ അനുവാദത്തോടെയല്ലാതെ നടന്ന ഒരു വിവാഹമാണ് ക്രൂരമായ അഞ്ച് കൊലപാതകങ്ങളിലേക്ക് എത്തിയത്.
മരുക്കല്‍കുറിച്ച സ്വദേശിയായ എ നമ്പിരാജന് എന്ന ഇരുപത്തിയൊന്നുകാരന് ടി വന്മതിയെന്ന പതിനെട്ടുകാരിയെ വിവാഹം ചെയ്തതോടെയാണ് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പക തുടങ്ങിയത്.
അസ്ഥിക്ക് പിടിച്ച പ്രണയം
നെല്ലായി ജില്ലയിലെ നംഗുനേരിക്ക് സമീപമുള്ള മരുക്കല്‍കുറിച്ച ഗ്രാമത്തിലുള്ളവരാണ് നന്പിരാജനും വന്മതിയും.
അരുണാചലം – ഷൺമുഖതൈ ദന്പതികളുടെ രണ്ടാമത്തെ മകനാണ് നന്പിരാജൻ. അവിടെയുള്ള ഒരു ഡയറി ഫാമിലായിരുന്നു ജോലി. തങ്കപാണ്ഡിയുടെ മകളായിരുന്നു വൻമതി.
അവർ ഒരേ സമുദായത്തിൽ പെട്ടവരാണെങ്കിലും വന്മതിയുടെ വീട്ടിൽ പ്രണയത്തിനെതിരെ ശക്തമായ എതിർപ്പുണ്ടായിരുന്നു. എതിർപ്പുകളെ അവഗണിച്ച് ഇരുവരും വിവാഹം ചെയ്തു. 2019 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം.
സ്വന്തം ഗ്രാമത്തിൽ നിന്നാൽ പ്രശ്നം ഉണ്ടാകുമെന്ന് കരുതി ഇരുവരും നെല്ലി ടൗൺ ഫീൽഡ് സ്ട്രീറ്റിലെ ഒരു വാടക വീട്ടിലേക്ക് മാറി. പിതാവിന്റെ സഹായത്തോടെയായിരുന്നു വാടക വീട്ടിലേക്ക് താമസം മാറിയത്.
വരന്റെ തലയെടുത്തു
വിവാഹം കഴിഞ്ഞ് ഏതാനം ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുത്തുപാണ്ടിയൻ എന്നൊരാൾ നന്പിരാജനെ സമീപിച്ച് ഇരുവീട്ടുകാരും തമ്മിലുള്ള പ്രശ്നം പറഞ്ഞ് തീർക്കാമെന്ന് അറിയിച്ചു. ഒരു ദിവസം മുത്തുപാണ്ടിയൻ നന്പിരാജനെ വിളിച്ചു.
നെല്ലി ടൗൺ ഫീൽഡ് സ്ട്രീറ്റിൽ നിന്ന് കവലയിലേക്ക് പോകുന്ന റോഡിൽ റെയിൽവേ ഗേറ്റിന്റെ ഭാഗത്ത് എത്താനായിരുന്നു നിർദേശം. ഇവിടെ ഇരുവീട്ടുകാരും കാത്തിരിക്കുകയാണെന്നും അറിയിച്ചു.
നമ്പിരാജൻ ഭാര്യ വന്മതിയോട് കാര്യങ്ങൾ പറഞ്ഞ ശേഷം ബൈക്കിൽ സ്ഥലത്തേക്ക് പോയി.
നമ്പിരാജനെ റെയിൽവേ ഗേറ്റിനുസമീപം കാത്തുനിന്ന വന്മതിയുടെ സഹോദരന് അടക്കമുള്ള സംഘം കഴുത്തറുത്ത് കൊലപ്പെടുത്തി. വന്മതിയുടെ സഹോദരന് ചെല്ലസ്വാമിയും സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു നമ്പിരാജന്റെ കഴുത്തറുത്ത് മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചത്.
നെല്ലായ് ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വാൻമതിയുടെ സഹോദരൻ സെല്ലച്ചമി (26), ബന്ധുക്കളായ സെല്ലത്തുരൈ (24), മുരുകൻ (25), മുത്തുപാണ്ടിയൻ എന്നിവരെ അറസ്റ്റ് ചെയ്തു.
മകന്റെ ജീവന് പകരം…
ഇതോടെ കൊലപാതക പരന്പരയുടെ തുടക്കമായി. മകന്റെ കൊലയ്ക്ക് പകരം വീട്ടാനായി നമ്പിരാജന്റെ ബന്ധുക്കള്‍ വന്മതിയുടെ ബന്ധുക്കളായ രണ്ട് പേരെ ഈ വര്‍ഷം മാര്‍ച്ച് 14ന് കൊലപ്പെടുത്തി.
നമ്പിരാജന്റെ കൊലപാതകത്തില്‍ പോലീസിന്റെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഒരാളുടെ പിതാവിനെയും ബന്ധുവിനെയുമായിരുന്നു മാര്‍ച്ചില്‍ കൊലപ്പെടുത്തിയത്.
ആറുമുഖം, സുരേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ കേസില്‍ നമ്പിരാജന്റെ രക്ഷിതാക്കളായ അരുണാചലവും അമ്മ ഷണ്‍മുഖാത്തായ് അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈയിടെയാണ് ഇവര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
അവസാനം…
കഴിഞ്ഞ ശനിയാഴ്ചയാണ് ഈ പരന്പരയിലെ അവസാനത്തെ രണ്ടുകൊലപാതകങ്ങൾ നടന്നത്. പെട്രോള്‍ ബോബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം നമ്പി രാജന്റെ അമ്മ ഷണ്‍മുഖാത്തായ്, സഹോദരി ശാന്തി എന്നിവരെയാണ് കൊന്നത്.
ശാന്തിയുടെ ഭർത്താവ് മുരുകൻ കഴിഞ്ഞ മാർച്ചിൽ നടന്ന കൊലപാതകത്തിലെ പ്രതിയാണ്. ഇയാൾ സംഭവ സ്ഥലത്തുനിന്ന് ഒാടി രക്ഷപ്പെട്ടു.
ഇവരെ രക്ഷിക്കാൻ ശ്രമിച്ച വീട്ടിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. കൊലപാതകത്തിന് പിന്നിൽ വന്മതിയുടെ ബന്ധുക്കളാണെന്നത് പകൽപോലെ സത്യമാണ്.
പക്ഷെ അവർ ആരൊക്കെ? പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇത്തരം സംഭവം വീണ്ടുമുണ്ടാവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും പോലീസ് വ്യക്തമാക്കുന്നു. ഇല്ലെങ്കിൽ ഒരുകാര്യം തീർച്ച- കൊലപാതകങ്ങൾ തുടരും…