ഒരു മനുഷ്യന് ജനിച്ച് നാലഞ്ചു വര്‍ഷം കഴിഞ്ഞേ അവന് നല്ല ഭംഗിയുള്ള മുടിയുണ്ടാവൂ. ഇത് സാധാരണക്കാരുടെ കാര്യം. അതുകൊണ്ടു തന്നെ ബ്രിട്ടീഷുകാരനായ ശിശു ജൂനിയര്‍ കോക്സ്നൂണിനെ അസാധാരണന് എന്നു തന്നെ വിളിക്കേണ്ടി വരും. ഇവന്റെ മുടി കാണുന്നവര്‍ അതു സമ്മതിച്ചുതരും. ഒമ്പതുവയസുകാരനുപോലുമില്ലാത്ത മുടിയാണ് ഒമ്പതുമാസം മാത്രം പ്രായമുള്ള ജൂനിയറിനുള്ളത്. ഇവന്റെ മുടി ഓരോ ആഴ്ചയും വെട്ടുകയും വേണം അത്രയ്ക്കാണ് മുടിവളര്‍ച്ച. രണ്ടു മണിക്കൂറെടുത്താണ് ഇവന്റെ മുടി ഒന്നു വെട്ടി ലെവലാക്കുന്നതെന്ന് അമ്മ ചെല്‍സി നൂണ് പറയുന്നു. പോകുന്ന വഴിയ്ക്ക് ഇവനെക്കാണുമ്പോള് ഹലോ പറയുന്ന ആളുകളുടെ ശല്യം വേറെ.
ഇത്ര ചെറുപ്പമാണെങ്കിലും ഇവന് സൗന്ദര്യബോധം വളരെക്കൂടുതലാണ്. അമ്മ തൊപ്പിയെടുത്ത് ഇവന്റെ തലയില്‍ വച്ചാല്‍ അന്നേരം തുടങ്ങും കരച്ചില്. ഈ മുടി കാരണം ഇവന് പുതിയൊരു വിളിപ്പേരും കിട്ടി “ബേബി ബിയര്‍”. ഇക്കഴിഞ്ഞ ജൂലൈ 20ന് ബ്രൈറ്റണിലെ ജനറല്‍ ആശുപത്രിയിലായിരുന്നു ഇവന്റെ ജനനം. കുളിയ്ക്കു ശേഷം ഇവന്റെ കനത്ത മുടിക്കെട്ട് ഒന്നുണക്കണമെങ്കില് തന്നെ കുറേ സമയമെടുക്കും.
ഇവന്റെ മൂത്ത സഹോദരന്മാരായ ആറു വയസുകാരന് മിച്ചലിനും നാലു വയസുകാരന് പ്രെസ്റ്റണും ഇത്തരത്തില്‍ മുടിവളര്ച്ചയുണ്ടായിട്ടില്ലെന്ന് അമ്മ ചെല്‍സിയാ പറയുന്നു. ഇവനെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് ചെല്സിയായ്ക്ക്് കടുത്ത നെഞ്ചെരിച്ചിലുണ്ടായി. ഗര്‍ഭാവസ്ഥയില്‍ നെഞ്ചെരിച്ചിലുണ്ടായാല്‍ ജനിക്കുന്ന കുട്ടിയ്ക്ക് നല്ല മുടിയുണ്ടാവുമെന്നാണ് ബ്രിട്ടനില്‍ നില നില്ക്കുന്ന വിശ്വാസം. എന്തായാലും മുടി കൊണ്ട് ജൂനിയര്‍ പ്രശസ്തനായെന്നു പറഞ്ഞാല്‍ മതിയല്ലോ…