അറുന്നൂറോളം കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് കാണാതായ ഭാര്യയെ കണ്ടു പിടിച്ച ജാർഖണ്ഡിലെ ബാലിഗോഡ സ്വദേശിയായ നാൽപ്പത്തിരണ്ട് വയസുകാരനായ മനോഹർ നായക് സോഷ്യൽ മീഡിയായുടെ കൈയ്യടി വാങ്ങിക്കൂട്ടുന്നു.തന്റെ ഭാര്യ അനിതയെ കണ്ടുപിടിക്കുന്നതിന് ഇരുപത്തിനാല് ദിവസം കൊണ്ട് അദ്ദേഹം സഞ്ചരിച്ചത് അറുപത്തിയഞ്ച് ഗ്രാമങ്ങളിൽ കൂടിയാണ്.
മാനസികാസ്വസ്ഥ്യവും സംസാരിക്കുന്നതിൽ ബുദ്ധിമുട്ടുമുള്ളയാളാണ് അനിത.കുമ്രസോൾ ഗ്രാമത്തിലാണ് അനിതയുടെ മാതാപിതാക്കൾ താമസിക്കുന്നത്.ജനുവരി പതിനാലിന് മകര സംക്രാന്തി ആഘോഷിക്കുന്നതിനായാണ് അനിത മാതാപിതാക്കളുടെ അടുക്കൽ എത്തിയത്. രണ്ടുദിവസത്തിനകം മടങ്ങിയെത്തുമെന്ന് അറിയിച്ച അനിത തിരികെ എത്താത്തതിനെ തുടർന്ന് മനോഹർ മുസബാനിയിയിലെയും ദുമാരിയയിലെയും പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു.
എന്നാൽ പോലീസുകാരിൽ നിന്നും തൃപ്തികരമായ മറുപടി ലഭിക്കാഞ്ഞതിനാൽ മനോഹർ സ്വന്തമായി അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം തന്റെ സൈക്കിളിൽ യാത്ര ആരംഭിച്ചു.എങ്കിലും അദ്ദേഹത്തിന്റെ അന്വേഷണം വിജയിച്ചില്ല. അടുത്ത ഘട്ടമെന്നോണം മനോഹർ അനിതയുടെ ചിത്രമുൾപ്പടെ കാണ്മാനില്ലെന്ന് കാണിച്ച് പത്രത്തിൽ പരസ്യം നൽകി. തുടർന്ന് പത്രത്തിലെ പരസ്യം പ്രദേശവാസികൾ ഖരഖ്പൂറിലെ ഒരു ഭക്ഷണ ശാലയ്ക്കു സമീപം ഇരിക്കുന്ന അനിതയെ തിരിച്ചറിയുകയായിരുന്നു.
ഇവർ ആദ്യം ഖരഖ്പൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും തുടർന്ന് ഖരഖ്പൂർ പോലീസ് മുസാബനി പോലീസുമായി ബന്ധപ്പെടുകയുമായിരുന്നു. അനിതയുടെയും മനോഹറിന്റെയും ആധാർ കാർഡുമായി ഖരഖ്പൂർ പോലീസ് സ്റ്റേഷനിൽ എത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇവിടെ എത്തിയ മനോഹർ തനിക്ക് നഷ്ടമായെന്നു കരുതിയ ഭാര്യയുമായി സ്വന്തം നാട്ടിലേക്കു മടങ്ങുകയും ചെയ്തു.
ഭാര്യയെ ജീവനേക്കാൾ ഏറെ സ്നേഹിച്ച മനോഹറിന്റെ കഥ സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് അഭിനന്ദനവുമായി നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്.