ശ്രീനഗർ: കഠുവ സംഭവത്തിൽ രമേഷ് കുമാർ ജല്ല എന്ന പോലീസ് ഉദ്യോഗസ്ഥനും ദീപിക സിംഗ് എന്ന അഭിഭാഷകയും അങ്ങേയറ്റത്തെ ധീരതയോടെ നിലകൊണ്ടില്ലായിരുന്നുവെങ്കിൽ പല കേസുകളിലൊന്നായി കഠുവയിലെ എട്ടു വയസുകാരിയുടെ മാനഭംഗവും കൊലപാതകവും അസ്തമിച്ചു പോകുമായിരുന്നു.
പല കോണിൽനിന്ന് കടുത്ത സമ്മർദമുണ്ടായിട്ടും തന്റെ കൃത്യനിർവഹണത്തിൽ അണുവിട മാറാതെ നിലകൊണ്ടു രമേഷ് കുമാർ ജല്ലയെന്ന ഉദ്യോഗസ്ഥൻ. ക്രൈം ബ്രാഞ്ച് എസ്പിയായ ആർ കെ ജല്ലയാണ് കേസിൽ റിക്കാർഡ് വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി പഴുതുകളില്ലാത്ത കുറ്റപത്രം സമർപ്പിച്ച സംഘത്തെ നയിച്ചത്.
ഏപ്രിൽ ഒന്പതിന് കുറ്റപത്രം കോടതിയിലെത്തി. ഹൈക്കോടതി വെച്ച അന്ത്യശാസന സമയമായ 90 ദിവസം തീരാൻ 10 ദിവസം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. ഈ കുറ്റപത്രമാണ് കാമവെറിയുടെയും വംശീയതയുടെയും ഭീകര മുഖം ലോകത്തിനു മുന്പിൽ തുറന്നുവെച്ചത്.
സവർണ സംഘത്തിന്റെ ശക്തമായ സമ്മർദത്തെ അദ്ദേഹം അതിജീവിച്ചു. പ്രതികൾക്കായി ഹിന്ദു ഏക്താ മഞ്ചിന്റെ നേതൃത്വത്തിൽ തെരുവിൽ കൂറ്റൻ പ്രകടനങ്ങൾ നടക്കുകയും ഭരണത്തിൽ പങ്കാളിയായ ബി ജെ പി തന്നെ ഈ പ്രതിഷേധത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. മെഹ്ബൂബ മുഫ്തി മന്ത്രിസഭയിലെ മന്ത്രിമാരായ ചൗധരി ലാൽ സിംഗും ചന്ദർ പ്രകാശ് ഗംഗയും അറസ്റ്റ് തടയാൻ പരസ്യമായി രംഗത്തു വന്നു.
എന്നാൽ എല്ലാം അതിജീവിച്ച് കുറ്റപത്രം തയാറാക്കിയതോടെ ചരിത്രപരമായ നിയോഗം നിറവേറ്റുകയായിരുന്നു ജല്ല. കൃത്യം ആസൂത്രണം ചെയ്തതിൽ മുഖ്യ പങ്കുവഹിച്ചത് നാല് പോലീസുകാരാണെന്നതും ഈ കാഷ്മീരി പണ്ഡിറ്റിനെ നീതിയുടെ പക്ഷത്തുനിന്ന് വ്യതിചലിപ്പിച്ചില്ല.
സംസ്ഥാന ക്രൈംബ്രാഞ്ചിലെ ജമ്മു മേഖലാ മേധാവിയായ ജല്ലയെ ഈ കേസിന്റെ മേൽനോട്ടം ഏൽപ്പിക്കുന്പോൾ ഒരു തെളിവുമില്ലായിരുന്നു. പോലീസുകാർ ചേർന്ന് മിക്ക തെളിവുകളും നശിപ്പിച്ചിരുന്നു. 1984 മുതൽ കാഷ്മീരിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനാണ് രമേഷ് കുമാർ ജല്ല. കുറ്റപത്രം സമർപ്പിക്കുന്ന സമയത്ത് അഭിഭാഷകർ പ്രതിഷേധിച്ചെന്നും ക്രൈം ബ്രാഞ്ചിനെതിരെ മുദ്രാവാക്യം വിളിച്ചിരുന്നുവെന്നും ജല്ല പറയുന്നു. പ്രധാനപ്പെട്ട തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു.
നവീദ് പീർസാദ എന്ന യുവ പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം ജല്ലയുടെ അന്വേഷണ സംഘത്തിൽ ചേർന്നതോടെ നടപടികൾ ശരിയായ ദിശയിലെത്തുകയായിരുന്നു. തുന്പില്ലാത്ത കേസുകളിൽ മുന്നേറ്റമുണ്ടാക്കുന്നതിൽ വിദഗ്ധനെന്ന ഖ്യാതി ആർജിച്ച ഉദ്യോഗസ്ഥനാണ് നവീദ്.
ഗ്രാമത്തിലെ ‘തെറിച്ച ചെക്കൻ’ ചെയ്ത ബാലിശമായ കുറ്റം എന്ന നിലയിൽ കേസിൽ വെള്ളം ചേർക്കാനാണ് പോലീസ് തുടക്കത്തിൽ ശ്രമിച്ചത്. പ്രായപൂർത്തിയാകാത്ത പ്രതിയെ മാത്രമായിരുന്നു കസ്റ്റഡിയിലെടുത്തത്. ജല്ലയുടെ സംഘം വിശദമായി ചോദ്യം ചെയ്തിട്ടും പോലീസുകാർ അടക്കമുള്ള മുതിർന്നവരെ കുറിച്ച് പ്രതി ഒരക്ഷരം ഉരിയാടിയില്ല.
കുട്ടിയുടെ മൃതദേഹത്തി ൽ നിന്ന് കിട്ടിയ മണ്ണ,് മൃതദേഹം കണ്ടെടുത്ത സ്ഥലത്തേതല്ലെന്ന് തെളിഞ്ഞതോടെയാണ് ഭീകരമായ സംഭവങ്ങളിലേക്ക് ആദ്യ വഴി തുറന്നത്. കൊല്ലപ്പെട്ടത് മറ്റെവിടെയോ ആണെന്ന് വ്യക്തമായിരുന്നു.
ആ വഴിക്കാണ് ഞങ്ങൾ തുടക്കത്തിൽ സഞ്ചരിച്ചത്- അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നു. ഇതോടെ മൃതദേഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന വസ്തുത കണ്ടെത്തിയത്. ആദ്യ ഫോട്ടോയിൽ കാണുന്ന ചെളി പിന്നീട് കാണുന്നില്ല. പോലീസുകാർ ഇടപെട്ടുവെന്ന് സംശയിക്കുന്നത് ഈ ഘട്ടത്തിലാണ്. വസ്ത്രത്തിലെ രക്തം കഴുകിക്കളഞ്ഞുവെന്നും വ്യക്തമായി.
കുഞ്ഞിനെ പാർപ്പിച്ചത് ക്ഷേത്രത്തിലാണെന്ന് വ്യക്തമായപ്പോൾ ഞങ്ങൾ പുതിയ പ്രതിസന്ധി നേരിട്ടു. ക്ഷേത്രത്തിൽ വിശദമായ പരിശോധനക്ക് അവസരം ലഭിച്ചില്ല. പ്രതികളുടെ നിയന്ത്രണത്തിലായിരുന്നു ക്ഷേത്രം. അവിടെ നിന്ന് കണ്ടെടുത്ത മുടിയിഴകളാണ് മുന്നോട്ട് വഴി കാണിച്ചത്. ഈ മുടിയിഴകളിൽ ഒന്ന് കുട്ടിയുടേതാണെന്ന് ഡി എൻ എ പരിശോധനയിൽ വ്യക്തമായി. ഇരുട്ട് മാത്രം നിറഞ്ഞ കേസായിരുന്നു ഇത്. ദൈവത്തിന്റെ ഇടപെടലാണ് വെളിച്ചം പകർന്നത്- പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രാദേശിക അഭിഭാഷക കൂട്ടായ്മ പ്രതികളെ സംരക്ഷിക്കാൻ രംഗത്തിറങ്ങിയപ്പോൾ ഇരകൾക്ക് കൃത്യമായ നിയമസഹായമൊരുക്കിയാണ് ദീപിക സിംഗ് നീതിയുടെ കാവലാളായത്. വർഗീയതയുടെ ഏറ്റവും കടുത്ത ആവിഷ്കാരമാണ് നടന്നതെന്ന ബോധ്യമാണ് ജല്ലയെയും ദീപികയെയും പോലുള്ളവരെ ഇരകൾക്കൊപ്പം അടിയുറച്ച് നിർത്തിയത്. ഇരയായ കുട്ടിയുടെ കുടുംബത്തിന് ജമ്മു കാഷ്മീർ ഹൈക്കോടതിയിൽ കേസ് വാദിച്ചത് 38കാരിയായ ദീപിക സിംഗാണ്.
ദീപിക നൽകിയ റിട്ട് ഹരജിയെ തുടർന്നാണ് ഹൈക്കോടതി മേൽനോട്ടത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നത്. ഇരയുടെ കുടുംബത്തിനുവേണ്ടി ഹാജരാകരുതെന്ന് തന്നോട് ജമ്മു ബാർ അസോസിയേഷൻ പ്രസിഡന്റ് ഹൈക്കോടതിയിൽ വെച്ച് ഭീഷണിപ്പെടുത്തിയെന്ന് ദീപിക പറഞ്ഞിരുന്നു. കൊടും ക്രൂരത ചെയ്ത പ്രതികൾക്ക് വേണ്ടി ഭാരത് മാതാ കീ ജയ് എന്നൊക്കെ മുദ്രാവാക്യം വിളിക്കുന്നതിൽ ലജ്ജ തോന്നുന്നു. -ദീപിക പറഞ്ഞു.