ന്യൂഡൽഹി:കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങൾ സന്ദർശിച്ച വിദേശികൾക്ക് ഇന്ത്യയിൽ വിലക്ക്. ഇവർ ഇന്ത്യയിലേക്ക് പ്രവേശിക്കരുതെന്നാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ മുന്നറിയിപ്പ്.
ഫെബ്രുവരി ഒന്നിന് ശേഷം കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളിൽ സന്ദർശനം നടത്തിയ വിദേശികൾക്കാണ് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയത്.
നിലവിൽ ഇന്ത്യയിലുള്ള വിദേശികൾ വീസയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് അടുത്തുള്ള എഫ്ആർആഒ ഓഫീസുമായി ബന്ധപ്പെടണമെന്നും ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു.
വിദേശ യാത്രാക്കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇത് പ്രകാരം ജനുവരി ഒന്നിനു മുന്പ് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവാദം ചോദിച്ച കപ്പലുകളെ മാത്രമേ തുറമുഖങ്ങളിലേക്ക് അടുപ്പിക്കാൻ അനുവദിക്കൂ.
കൊറോണ ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളിൽ നിന്ന് ഫെബ്രുവരി ഒന്നുമുതൽ കയറിയ യാത്രക്കാർ ആരെങ്കിലും കപ്പലുകളിൽ ഉണ്ടെങ്കിൽ അവർക്ക് ഇന്ത്യയിലെ ഒരു തുറമുഖത്തും മാർച്ച് 31 വരെ പ്രവേശിക്കാൻ അനുവാദമുണ്ടാകില്ല.
കപ്പലുകളിലെ യാത്രക്കാർക്കും അതിലെ ജീവനക്കാർക്കും തെർമൽ സ്കാനിങ് സൗകര്യമുള്ള തുറമുഖങ്ങളിൽകൂടി മാത്രമേ ഇന്ത്യയിൽ പ്രവേശിക്കാൻ അനുവാദമുണ്ടാകൂ.
യാത്രക്കാരിലോ ജീവനക്കാരിലോ ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ആർക്കും തുറമുഖത്ത് ഇറങ്ങാൻ അനുവാദമുണ്ടാകില്ല. എല്ലാ യാത്രക്കാരെയും കപ്പലിൽ തന്നെ ക്വാറന്റൈൻ ചെയ്യും.
കപ്പലിലെ ആർക്കെങ്കിലും വൈറസ് ബാധയുണ്ടെന്ന് തെളിഞ്ഞാൽ അവരെ തുറമുഖത്ത് സജ്ജമാക്കിയ ഐസൊലേഷൻ വാർഡിലേക്ക് മാറ്റും. കപ്പലിനോട് ഇന്ത്യയിൽ നിന്ന് പോകാൻ ആവശ്യപ്പെടും.
ഇന്ത്യയിലെത്തുന്ന യാത്രാക്കപ്പലുകൾ അതിലെ യാത്രക്കാരെയും ജീവനക്കാരെയും സംബന്ധിച്ചുള്ള മുഴുവൻ വിവരങ്ങളും തുറമുഖ അധികൃതർക്ക് കൈമാറണം. കപ്പലിൽ രോഗികളാരെങ്കിലുമുണ്ടെങ്കിൽ അവരെ യാത്രചെയ്യാൻ അനുവദിക്കില്ല.
കൊറോണ വൈറസ് ബാധിച്ച ഒരാൾപോലും കപ്പലിൽ കയറിയിട്ടില്ല എന്ന് കപ്പൽ ജീവനക്കാർ ആദ്യം തന്നെ ഉറപ്പാക്കിയിരിക്കണം.
കപ്പലിൽ യാത്രക്കായി എത്തിയിട്ടുള്ളവരിൽ ആരെങ്കിലും കഴിഞ്ഞ 14 ദിവസത്തിനിടെ ചൈന, ഹോങ്കോങ്, ഇറാൻ, ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിൽ ഏതിലെങ്കിലും സന്ദർശിക്കുകയോ ഈ രാജ്യങ്ങളിൽ സഞ്ചരിച്ചവരുമായി അടുത്തിടപഴകുകയോ ചെയ്തവരാണെങ്കിൽ അവരെ കപ്പലിൽ കയറാൻ അനുവദിക്കരുത്.
യാത്രക്കായി എത്തുന്നവർ ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ പാസ്പോർട്ട് കൃത്യമായി പരിശോധിക്കണം. കപ്പലിൽ കയറുന്ന ഓരോ യാത്രക്കാരെയും പരിശോധിച്ച് രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
മാത്രമല്ല എല്ലാ ദിവസവും യാത്രക്കാരിൽ ആർക്കെങ്കിലും എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ഇന്ത്യയുടെ നിർദ്ദേശത്തിലുണ്ട്.
119 രാജ്യങ്ങളിൽ നിലവിൽ കൊറോണ സ്ഥിരീകരിച്ചു. 4299 പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടു.