ന്യൂഡൽഹി: വിദേശ ബാങ്കിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ കുടുംബത്തിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രമാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്.
ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ നിക്ഷേപത്തെക്കുറിച്ച് വിശദീകരിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്നുമക്കൾക്കുമാണ് നോട്ടീസ് അയച്ചത്.
ആദായനികുതി വകുപ്പിന്റെ മുംബൈ യൂണിറ്റ് ഈ വർഷം മാർച്ച് 28നാണ് മുകേഷിന്റെ കുടുംബത്തിന് നോട്ടീസ് നൽകിയത്. കഴിഞ്ഞ ഏപ്രിൽ 12 ന് ഹാജരായി വിശദീകരണം നൽകാനായി ആദായനികുതി വകുപ്പ് സിറ്റിംഗ് ക്രമീകരിച്ചിരുന്നു. 2015 ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തിൽ പലരാജ്യങ്ങളിലെ ഏജൻസികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നോട്ടീസ്.
എച്ച്എസ്ബിസി ബാങ്കിന്റെ ജനീവയിലെ കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റിലെ നിക്ഷേപത്തിന്റെ ഗുണഭോക്താക്കൾ അംബാനി കുടുംബമാണെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത്തരത്തിൽ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചെന്ന വിവരം റിലയൻസ് കന്പനിയുടെ വക്താവ് നിഷേധിച്ചു. 2003 നവംബർ അഞ്ചിനാണ് കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് തുടങ്ങിയത്. ഇതിൽ നിക്ഷേപം നടത്തിയിട്ടുള്ള ഹരിനാരായണ്‍ എന്റർപ്രൈസസിന്റെ വിലാസം മുംബൈയിലേതാണ്.
2004 ഫെബ്രുവരി ഒന്‍പതിന് റിലയൻസ് പോർട്സ് ആൻഡ് ടെർമിനൽസിലേക്ക് 2,841 കോടി രൂപ നിക്ഷേപമായി ഇവിടെ നിന്ന് എത്തി. എന്നാൽ ഈ നിക്ഷേപം നടത്തിയ കന്പനിയുടെ പേര് ഓഹരിയുടമകളുടെ പട്ടികയിൽ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ തുക ആത്യന്തികമായി റിലയൻസ് ഇൻഡസ്ട്രീസ് ഹോൾഡിങ്ങ്സിലേക്ക് എത്തുകയും, മുകേഷ് അംബാനി കുടുംബത്തിലെ നാല് പേരാണ് ഇതിന്റെ ഗുണഭോക്താക്കളുമെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലെന്നും റിപ്പോർട്ടിലുണ്ട്. ഈ കന്പനിയിലെ ഓഹരിയുടമ സ്വകാര്യ ട്രസ്റ്റായ ഹരിനാരായണ്‍ എന്റർപ്രൈസസാണ്. എച്ച്എസ്ബിസി ബാങ്കിന്റെ 14 ശാഖകളിലായി 700 ഇന്ത്യക്കാർക്ക് നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ട്.