ബെയ്ജിംഗ്: ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം കഴിഞ്ഞദിവസം 5,436 ആയി.
ലോകത്താകമാനം രോഗബാധിതരുടെ എണ്ണം 1,45,634 ആയി ഉയർന്നു. 72,528 പേർ രോഗത്തിൽ നിന്നും മുക്തിനേടി. 67,670 പേർ നിലവിൽ വിവിധ രാജ്യങ്ങളിലായി ചികിത്സയിലുണ്ട്.
ഇറ്റലിയിൽ കോവിഡ് 19 ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് 250 പേർ. ഇതോടെ ഇറ്റലിയിൽ ആകെ മരിച്ചവരുടെ എണ്ണം 1266 ആയി. മരണനിരക്കിൽ 25 ശതമാനം വർധനയാണ് ഇറ്റലിയിൽ രേഖപ്പെടുത്തിയത്.
ഇറ്റലിയിൽ ഇതുവരെ 17,660 പേർക്കാണ് രോഗം ബാധിച്ചത്. 2,547 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 1439 പേർ രോഗത്തിൽ നിന്നും മുക്തരായി.
പ്രതിരോധ നടപടികൾ ശക്തമാക്കുന്നുണ്ടെങ്കിലും മരണനിരക്ക് കുറയ്ക്കാൻ സാധിക്കാത്തത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നുണ്ട്. ചൈനക്ക് പുറമെ ഏറ്റവുമധികം പേർ മരിച്ചത് ഇറ്റലിയിലാണ്.
കോവിഡ് 19 ബാധിച്ച് രാജ്യത്ത് ആറാമത്തെ മരണം സ്ഥിരീകരിച്ചതായി ഫിലിപ്പീൻസ് ആരോഗ്യ വിഭാഗം അറിയിച്ചു. ഫിലിപ്പീൻസിൽ ഇതുവരെ 64 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മെക്സികോയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 15ൽ നിന്നും 26 ആയി ഉയർന്നു. വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മൗറിത്താനിയയിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
യുകെയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതിനെ തുടർന്ന് പൊതുപരിപാടികൾക്ക് പൂർണവിലക്ക് ഏർപ്പെടുത്തി. അടിയന്തര സാഹചര്യം പരിഗണിച്ചാണ് നടപടി.