പതിവു പോലെ റിക്കാര്‍ഡുകള്‍ തിരുത്തിക്കുറിച്ച് ഓണക്കാലത്തെ മദ്യവില്‍പ്പന. കഴിഞ്ഞ എട്ടുദിവസങ്ങളിലായി വിറ്റത് 665 കോടി രൂപയുടെ മദ്യമാണ്.
കഴിഞ്ഞവര്‍ഷം ഇത് 624 കോടി രൂപയായിരുന്നു. ഉത്രാടദിനത്തിലാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത്.
പ്രാഥമിക കണക്കനുസരിച്ച് ബെവ്കോയുടെ ചില്ലറവില്‍പ്പന കേന്ദ്രങ്ങളില്‍നിന്നു മാത്രം 116 കോടി രൂപയുടെ മദ്യം വിറ്റു.
കണ്‍സ്യൂമര്‍ഫെഡിന്റെ വില്പ്പനകേന്ദ്രങ്ങളിലെയും മറ്റും കണക്കെടുക്കുമ്പോള്‍ ഇത് ഏകദേശം 121 കോടി രൂപയാകുമെന്നാണ് വിലയിരുത്തല്‍.
അന്തിമകണക്ക് വരുമ്പോള്‍ ഇതിലും ഏറെ മുന്നോട്ടു പോകുമെന്നാണ് ബെവ്കോ പറയുന്നത്. കഴിഞ്ഞവര്‍ഷം ഈസമയം ബെവ്കോയുടെ ഔട്ട്ലെറ്റുകള് വഴി വിറ്റത് 112.07 കോടിയുടെ മദ്യമാണ്.
ഇക്കുറി ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത് ഇരിങ്ങാലക്കുടയിലാണ്.
വിറ്റത് 1.06 കോടി രൂപയുടെ മദ്യം. 1.01 കോടി രൂപയുടെ വില്‍പ്പന നടന്ന കൊല്ലം ആശ്രമം പോര്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. ചങ്ങനാശേരിയില്‍ 95 ലക്ഷത്തിന്റെ മദ്യം വിറ്റു. ഇതെല്ലാം പ്രാഥമിക കണക്കുകളാണ്.
ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ ഇന്ന് നാലാം ഓണത്തിന് സംസ്ഥാനത്ത് ഡ്രൈ ഡേ ആണ്.
നാളെ ഒന്നാം തീയതിയായതിനാല്‍ ബാറുകള്‍ തുറക്കില്ല. അതിനാല്‍ ഇന്നലെ മദ്യവില്‍പ്പനകേന്ദ്രങ്ങളില്‍ നല്ല തിരക്കായിരുന്നു.