രാജ്യത്തെ എണ്ണം പറഞ്ഞ അഭിഭാഷകരില്‍ ഒരാളും ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വെ മൂന്നാമതും വിവാഹിതനായി.
ഞായറാഴ്ച ലണ്ടനില്‍ വച്ചായിരുന്നു 68കാരനായ സാല്‍വെയുടെയും ബ്രിട്ടീഷുകാരിയായ ട്രീനയുടെയും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2020ല്‍ 38 വര്‍ഷത്തെ വിവാഹജീവിതത്തിനുശേഷം ആദ്യ ഭാര്യ മീനാക്ഷിയുമായി ബന്ധം പിരിഞ്ഞിരുന്നു.
ഇതില്‍ സാക്ഷി, സാനിയ എന്നിങ്ങനെ രണ്ടു മക്കളുമുണ്ട്. രണ്ടുവര്‍ഷം മുമ്പ് സാല്‍വെ ബ്രിട്ടീഷ് കലാകാരിയായ കരോളിനെ(56) വിവാഹം ചെയ്തു.
മറാത്തി കുടുംബത്തില്‍ ജനിച്ച സാല്‍വെയുടെ പിതാവ് എന്‍ കെ പി സാല്‍വെ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റും അമ്മ അംബ്രിതി സാല്‍വെ ഒരു ഡോക്ടറുമായിരുന്നു.
കരിയറിന്റെ തുടക്കത്തില്‍, മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയ്ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം സാല്‍വെക്ക് ലഭിച്ചിരുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ അഭിഭാഷകരുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ഹരീഷ് സാല്‍വെയുടെ സ്ഥാനം.
കുല്ഭൂഷണ് യാദവിന്റേതുള്പ്പെടെ രാജ്യത്തെ പലശ്രദ്ധേയമായ കേസുകളും കൈകാര്യം ചെയ്തത് സാല്‍വേ ആയിരുന്നു.
ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതിയാണ് കുല്ഭൂഷണ് ജാദവിന് വധശിക്ഷ വിധിച്ചത്. ജാദവിനെ പ്രതിനിധീകരിക്കുന്നതിന് സാല്‍വെ നിയമ ഫീസ് ഇനത്തില്‍ ഈടാക്കിയത് ഒരു രൂപ മാത്രമായിരുന്നു.
സല്‍മാന്റെ വാഹനാപകട കേസും സാല്‍വേയുടെ പ്രശസ്തി വര്‍ധിപ്പിച്ചു. 1999 മുതല്‍ 2002 വരെ സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ചു.