മുംബൈ അധോലോകത്തിൽ ദാവൂദ് ഇബ്രാഹിമുമായി ആദ്യം ചേർന്നു നിൽക്കുകയും പിന്നീട് അയാളുമായി പോരാടുകയും ചെയ്ത അധോലോക നായകനാണ് അരുൺ ഗാവ്ലി.
ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ, വരദരാജ മുതലിയാർ, ഛോട്ടാ ഷക്കീൽ തുടങ്ങി പല പ്രമുഖ അധോലോക നായകരും മുംബൈയിലെ ക്രിമിനൽ കാലാവസ്ഥയ്ക്കു മങ്ങലേറ്റപ്പോൾ മുംബൈ വിട്ടു സുരക്ഷിത താവളം തേടിയവരാണ്.
എന്നാൽ, മുംബൈയിൽ എന്തു പ്രതിസന്ധിണ്ടായിട്ടും അവിടെനിന്ന് ഒളിച്ചോടിപ്പോകാത്ത ഡോൺ ആണ് അരുൺ ഗാവ്ലി.
ശിവസേന നേതാവ് ബാൽ താക്കറെയുടെ അടുപ്പക്കാരനായിരുന്നു ഒരു കാലത്ത്. പാക്കിസ്ഥാനു ദാവൂദ് ഇബ്രാഹിം ഉണ്ടെങ്കിൽ ഇന്ത്യക്ക് അരുൺ ഗാവ്ലിയുണ്ടെന്നു ബാൽ താക്കറെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
പിന്നീടു ശിവസേനയുടെ അടുപ്പക്കാരനെത്തന്നെ വകവരുത്തി ഗാവ്ലി ശിവസേനയുടെ കണ്ണിലെ കരടായി മാറിയെന്നതു മറ്റൊരു ചരിത്രം.
ഇന്നു ഗാന്ധിയൻ!
നാഗ്പൂർ ജയിലിലാണ് അരുൺ ഗാവ്ലി ഇപ്പോൾ. തികഞ്ഞ ഗാന്ധിയൻ ആയി ഇപ്പോൾ ജീവിക്കുന്നു.
സർട്ടിഫൈഡ് ഗാന്ധിയൻ എന്നു പറയാം. തലയിൽ ഗാന്ധിത്തൊപ്പിയും ഖദർ വേഷവും ധരിച്ചു നടക്കുന്ന ഗാവ്ലിയെ ഇപ്പോൾ ജയിലധികൃതർക്കും സഹതടവുകാർക്കും വലിയ സ്നേഹമാണ്.
ഹിംസയുടെ വഴികൾ വിട്ടു ഗാന്ധിജിയുടെ അഹിംസ വാദത്തിലൂടെ ഇപ്പോൾ സഞ്ചരിക്കുന്ന ഗാവ്ലി നാഗ്പൂർ സെൻട്രൽ ജയിലിൽ ഗാന്ധിജയന്തിക്കു നടന്ന ഗാന്ധി പരിജ്ഞാന പരീക്ഷയിൽ 74/80 മാർക്ക് നേടിയാണ് ഏവരെയും ഞെട്ടിച്ചത്.
പരീക്ഷയിൽ ഒന്നാം റാങ്കുകാരനായിരുന്നു ഗാവ്ലി. വിചാരണത്തടവുകാരടക്കം 160 തടവുപുള്ളികളോടു മത്സരിച്ചുകൊണ്ടാണ് അരുൺ ഗാവ്ലി ഒന്നാം റാങ്കുകാരനായത്.
തുണിമില്ലിൽ തുടക്കം
1955 ജൂലൈ 17ന് മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ പോഹെഗാവിലാണ് ജനനം. മധ്യപ്രദേശിൽനിന്നു പലായനം ചെയ്തു മഹാരാഷ്ട്രയിലെത്തിയതായിരുന്നു ഗാവ്ലിയുടെ കുടുംബം. ഒരു പാവപ്പെട്ട കുടുംബം.
അഹമ്മദ് നഗർ ജില്ലയിലെ പ്രമുഖ മില്ലിലായിരുന്നു ഗാവ്ലിയുടെ അച്ഛനു ജോലി. അച്ഛൻ ജോലിയിൽനിന്നു വിരമിക്കുന്ന സമയത്താണ് ഗാവ്ലി മെട്രിക്കുലേഷൻ പാസാകുന്നത്.
അക്കാലത്തു മെട്രിക്കുലേഷൻ പാസാകുക എന്നതു വലിയ കാര്യമായിരുന്നു. പഠിക്കാൻ മിടുക്കനായ ഗാവ്ലിക്കു പക്ഷേ തുടർപഠനം അസാധ്യമായി മാറി.
വീട്ടിലെ ദാരിദ്ര്യവും അച്ഛൻ വിരമിച്ചതുമെല്ലാം പ്രശ്നമായി മാറി. അങ്ങനെയാണ് പതിനാറാം വയസിൽ ഗാവ്ലിയും അച്ഛന്റെ പാത പിന്തുടർന്ന് തുണിമില്ലിൽ ജോലിക്കു കയറുന്നത്. (തുടരും)