ഡൽഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീംകോടതിവിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് എൻഎസ്എസ് നൽകിയ ഹർജിയിലെ പരാമർശം സ്ത്രീവിരുദ്ധവും അപമാനകരവുമാണെന്ന് ചൂണ്ടിക്കാട്ടി മലയാളി യുവതി സുപ്രീംകോടതിയിൽ. ഡൽഹിക്കാരി സിന്ധു ടി.പി. യാണ് ഹർജി നൽകിയത്.
നൈഷ്ഠിക ബ്രഹ്മചാരി എന്ന അയ്യപ്പപ്രതിഷ്ഠയുടെ സവിശേഷതയാണ് സ്ത്രീപ്രവേശന നിയന്ത്രണത്തിന് കാരണമെന്നും അതിന് ശാരീരികാവസ്ഥയുമായി ബന്ധമില്ലെന്നും എൻഎസ്എസ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പത്തിനും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ സാന്നിധ്യം പ്രതിഷ്ഠ ആഗ്രഹിക്കുന്നില്ലെന്ന വാദവും എൻഎസ്എസ് ഉന്നയിച്ചിരുന്നു. ഇതിനെതിരേയാണ് ഹർജി.
പതിന്നാലുകാരിയായ പെണ്‍കുട്ടിയുടെ അമ്മകൂടിയായ താൻ അയ്യപ്പവിശ്വാസിയാണ്. പത്തു വയസുള്ള പെണ്‍കുട്ടിയുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം അയ്യപ്പന് മാത്രമല്ല ചെറിയ പെണ്‍കുട്ടികൾക്കും അപമാനകരമാണ്.
ബ്രഹ്മചര്യാവസ്ഥയിലുള്ള ഇടങ്ങളിലേക്ക് പ്രത്യേക പ്രായത്തിലുള്ള കുട്ടികളുടെയും സ്ത്രീകളുടെയും പ്രവേശനം തടയുന്നത് സൂചിപ്പിക്കുന്നത് അവരെ ലൈംഗിക വസ്തുമായി മാത്രം കാണുന്നുവെന്നാണ്; വിശുദ്ധമായ സ്ഥലങ്ങളിൽ അവർ സന്മാർഗികളല്ല എന്നാണ്. എൻഎസ്എസിന്റെ ഹർജി പരിഗണിക്കുന്പോൾ ഈ അപേക്ഷകൂടി പരിഗണിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
തന്ത്രികുടുംബം സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം നൽകിയ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് തന്ത്രികുടുംബം സുപ്രീംകോടതിയെ സമീപിച്ചു. വിഗ്രഹാരാധന ഹിന്ദുമതത്തിൽ അനിവാര്യമാണെന്നും വിഗ്രഹത്തിനും അവകാശമുണ്ടെന്നും തന്ത്രികുടുംബത്തിലെ കണ്ഠര് മോഹനര്, കണ്ഠര് രാജീവര് എന്നിവർ ഹർജികളിൽ ചൂണ്ടിക്കാട്ടി.
ഭരണഘടനപ്രകാരം വിഗ്രഹത്തിനുള്ള അവകാശം സുപ്രീം കോടതി കണക്കിലെടുത്തില്ല. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളിൽ അന്തിമതീരുമാനമെടുക്കാനുള്ള അവകാശം തന്ത്രി കുടുംബത്തിനാണെന്നും ഇക്കാര്യം ഹൈക്കോടതി വിധിയിൽ പറഞ്ഞിട്ടുണ്ടെന്നും ഇരുവരും ഹർജികളിൽ ചൂണ്ടിക്കാട്ടി.