കണ്ണൂർ: ഇതര സംസ്ഥാന തൊഴിലാളിയുടെ ആറ് വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച മത്സ്യത്തൊഴിലാളി അറസ്റ്റിൽ. പൊന്നാനി സ്വദേശിയും ആയിക്കരയിലെ മത്സ്യത്തൊഴിലാളിയുമായ വി.പി. ഫൈസലി(61)നെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ ടൗണിൽ ആക്രി പെറുക്കി ജീവിക്കുന്ന ആസാം സ്വദേശിയുടെ മകളെയാണ് തൊട്ടടുത്ത ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഫൈസൽ പീഡിപ്പിക്കാൻ ശ്രമിച്ചത്.
ഇന്നലെ രാവിലെ കുട്ടിയുടെ മാതാപിതാക്കൾ വിവിധ ആവശ്യങ്ങൾക്കായി ടൗണിൽ പോയിരുന്നു. ക്വാർട്ടേഴ്സിൽ രണ്ട് കുട്ടികൾ മാത്രമാണുണ്ടായിരുന്നത്.
ഈ സമയം തൊട്ടടുത്ത ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്ന ഫൈസൽ ആറുവയസുകാരിയെ സ്വന്തം ക്വാർട്ടേഴ്സിലേക്ക് വിളിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
കുട്ടി കരഞ്ഞ് ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞ് വച്ചു. തുടർന്ന് കണ്ണൂർ ടൗൺ പോലീസ് എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.