ആ കുട്ടി ഇപ്പോള്‍ ഏവര്‍ക്കും അത്ഭുതമാണ്. ഏഴുമാസം പ്രായമുള്ള ഐഡിന്റെ കഥയൊന്നു വായിച്ചറിയാം. തായ്‌ലന്‍ഡിലെ ഖോന്‍ കേന്‍ പ്രവിശ്യയിലാണ് ഇവന്റെ ജനനം. അവിഹിതമായി ഗര്‍ഭം ധരിച്ചതായിരുന്നു അമ്മ അവനെ. അതുകൊണ്ട് തന്നെ ആരും അറിയാതിരിക്കാന്‍ കുഞ്ഞിനെ ജനിച്ചയുടന്‍ കൊന്നു കുഴിച്ചുമൂടാന്‍ അവര്‍ തീരുമാനിച്ചു. പ്രസവിച്ച ഉടന്‍ ആരും അറിയാതെ അവന്റെ കൊച്ചുശരീരം അമ്മ കുത്തിക്കീറി. മരണം ഉറപ്പാക്കി അടുത്തുള്ള വിജനപ്രദേശത്ത് കുഴിച്ചിട്ടു.
ഐഡിന്റെ ജീവിതം മാറ്റിമറിച്ച ട്വിസ്റ്റ് പിന്നീടായിരുന്നു. കേവലം അര അടി മാത്രമുള്ള കുഴിയിലായിരുന്നു കുഞ്ഞിനെ അവര്‍ കുഴിച്ചിട്ടത്. അവര്‍ കുഞ്ഞിനെ കുഴിച്ചിട്ടത് ആട്ടിടയന്‍മാര്‍ ആടുകളുമായി വന്നിരുന്ന പ്രദേശത്തും. അതുവഴി വന്ന ആട്ടിടയര്‍ മണ്ണിന്റെ മുകളില്‍ ഒരു കുഞ്ഞിക്കാല് കണ്ട് ഓടിയടുത്തു. അവര്‍ മണ്ണു മാറ്റി നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. മൃതദേഹമാണെന്നു കരുതിയെങ്കിലും ശരീരം ചെറുതായി വിറയ്ക്കുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടു. അതോടെ നേരേ ആശുപത്രിലേക്ക് ഓടി. ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് കുഞ്ഞിനു കുത്തേറ്റ വിവരമറിയുന്നത്.
കുഞ്ഞിനെ കുഴിച്ചുമൂടാനുള്ള അമ്മയുടെ തീരുമാനമാണ് ഐഡിന് ജീവിതത്തിലേക്കുള്ള വഴിയൊരുക്കിയത്. മണ്ണ് ശരീരത്തോട് ചേര്‍ന്ന് കിടന്നതിനാല്‍ രക്തം വാര്‍ന്നുപോയില്ല. ഒത്തിരി ആഴത്തിലല്ലാത്തതിനാല്‍ കുട്ടിക്ക് ശ്വസിക്കാനും കഴിഞ്ഞു. ഏറെ നാള്‍ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് ഐഡിന്‍ ആരോഗ്യം വീണ്ടെടുത്തത്. പിന്നീട് കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റിയ കുഞ്ഞിന് ആറുമാസത്തോളം ചികിത്സ നടത്തേണ്ടിവന്നു. ഇപ്പോള്‍ ഒരു സ്വീഡിഷ് ദമ്പതികള്‍ ഇവനെ ദത്തെടുത്തിരിക്കുകയാണ്. ഇനിയുള്ള ജീവിതം യൂറോപ്പിലേക്ക് പറിച്ചുനടാനുള്ള ഒരുക്കത്തിലാണ് ഐഡിന്‍.