പുന: അമേരിക്കയുടെ ചാന്ദ്രദൗത്യം വിജയിച്ചതിന്റെ “രഹസ്യം വെളിപ്പെടുത്തി’ ആർഎസ്എസ് മുൻ നേതാവ്. ഏകാദശി നാളിൽ വിക്ഷേപണം നടത്തിയതുകൊണ്ടാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ദൗത്യം വിജയിച്ചതെന്നു സംഭാജി ഭിഡെ പറഞ്ഞു. ഇന്ത്യയുടെ ചാന്ദ്രദൗത്യം ലക്ഷ്യത്തിലെത്താത്തതിനെ പരാമർശിച്ചായിരുന്നു ഭിഡെയുടെ ഈ പ്രതികരണം.
അമേരിക്ക 38 തവണ ചന്ദ്രയാൻ ദൗത്യം നടത്തി പരാജയപ്പെട്ടു. ഇതോടെ സമയക്രമം തിട്ടപ്പെടുത്തുന്ന ഇന്ത്യൻ രീതി പരീക്ഷിക്കാൻ ശാസ്ത്രജ്ഞരിലൊരാൾ നിർദേശം നൽകി. അതുപ്രകാരം ഏകാദശി നാളിൽ വിക്ഷേപണം നടത്തിയതിനാൽ 39-ാം തവണ അവരുടെ ദൗത്യം വിജയകരമായി- സോലാപൂരിൽ ഒരു ചടങ്ങിൽ പ്രസംഗിക്കവെ ഭിഡെ പറഞ്ഞു. ഏകാദശിനാളിൽ നക്ഷത്രങ്ങളുടെ സ്ഥിതി സന്തുലനാവസ്ഥയിലാണെന്നും അതു വിജയഘടകമായി പ്രവർത്തിക്കുമെന്നും ഭിഡെ അവകാശപ്പെട്ടു.
നേരത്തെ തന്റെ മാന്തോപ്പിലെ മാന്പഴം കഴിച്ച സ്ത്രീകൾക്ക് ആണ്കുട്ടികളുണ്ടായെന്ന വെളിപ്പെടുത്തൽ നടത്തി ഭിഡെ മുന്പും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മുൻ ആർഎസ്എസ് നേതാവായ ഭിഡെ ശിവ പ്രതിഷ്ഠൻ ഹിന്ദുസ്ഥാൻ എന്ന സംഘടനയുടെ നേതാവാണ്. 2018-ൽ ഭീമ കൊറേഗാവിൽ ദളിതർക്കെതിരെ കലാപമുണ്ടാക്കിയ കേസിലെ പ്രതിയുമാണ്.