അല്‍ഷിമേഴ്സ് ബാധിതയെ നാടുകടത്താനൊരുങ്ങി സ്വീഡിഷ് ഭരണകൂടം. കാതലിന് പൂള് എന്ന 74 കാരിയെയാണ് ബന്ധുക്കള്‍ക്കരികില്‍ നിന്ന് വേര്‍പ്പെടുത്തി നാടുകടത്താന്‍ ഭരണകൂടം തീരുമാനിച്ചത്.
ഇവര്‍ക്ക് തനിച്ചു നടക്കാനോ സംസാരിക്കാനോ കഴിയില്ല. ബിട്ടീഷ് വംശജയായ കാതലിന്റെ പാസ്പോര്‍ട്ട് പുതുക്കിയിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരേയുള്ള ഈ തീരുമാനം.
പരസഹായമില്ലാതെ സ്വന്തം കാര്യം പോലും ചെയ്യാനാവാത്ത വൃദ്ധയെ തനിച്ച് നാടുകടത്താനുള്ള നീക്കത്തിനെതിരേ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
സ്വീഡനില്‍ താമസമാക്കിയ മകന് വെയിനിനും ഭാര്യയ്ക്കും ചെറുമക്കള്‍ക്കുമൊപ്പം ജീവിക്കാനായി 18 വര്‍ഷം മുന്‍പാണ് വിധവയായ കാതലിന് ഇവിടെ എത്തിയത്.
പിന്നീട് ഏറെക്കാലം ഇവര്‍ക്കൊപ്പം സന്തോഷത്തോടെ കാതലിന് ജീവിക്കുകയും ചെയ്തു. 11 വര്‍ഷം മുന്‍പാണ് കാതലിന് മറവിരോഗം ബാധിച്ചത്.
ഒരു വര്‍ഷത്തെ ചികിത്സയ്ക്കുശേഷം കെയര്‍ ഫോമിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ പത്തു വര്‍ഷമായി ഈ കെയര്‍ ഹോമിലാണ് കാതലിന്റെ ജീവിതം.
നിലവില്‍ കിടപ്പുരോഗിയായി മാറിയ കാതലിന് ദിനചര്യകള്‍ ചെയ്യുന്നതിനും ആഹാരം കഴിക്കുന്നതിനും എല്ലാം മറ്റൊരാളുടെ സഹായം കൂടിയ തീരു.
എന്നാല്‍ ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായതിനാല്‍ കാതലിന് പാസ്പോര്‍ട്ട് പുതുക്കാന്‍ സാധിച്ചിട്ടില്ല.
ഈ അവസ്ഥയില്‍ ഇവരെ സ്വീഡനില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ സ്റ്റോക്ക്ഹോമിലെ ബ്രിട്ടീഷ് എംബസിയെ സമീപിച്ചിരുന്നു.
കാതലിനെ യുകെയില്‍ എത്തിച്ചശേഷം അവിടുത്തെ കെയര്‍ ഹോമില്‍ ആക്കണമെന്ന് സ്വീഡിഷ് പോലീസ് തങ്ങളോട് ആവശ്യപ്പെടുകയാണെന്നും മറ്റു മാര്‍ഗ്ഗമില്ലെന്നുമാണ് ബ്രിട്ടീഷ് എംബസി മറുപടി നല്‍കിയത്.
യുകെയില്‍ എത്രയും വേഗം കാതലിനെ പാര്‍പ്പിക്കാനാവുന്ന കെയര്‍ ഹോം കണ്ടെത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായും ഇക്കാര്യത്തില്‍ തീരുമാനമായാല്‍ യാത്ര ചെയ്യാനുള്ള തീയതി സ്വീഡിഷ് പോലീസ് അറിയിക്കുമെന്നും അതോടെ അടിയന്തര പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്യുമെന്നുമാണ് എംബസി അറിയിച്ചിരിക്കുന്നത്.
ഈ നടപടിയില്‍ അങ്ങേയറ്റം പ്രതിഷേധമുണ്ടെന്ന് വെയിന്‍ അറിയിക്കുന്നു. ഇത്രയും മോശമായ ശാരീരിക സ്ഥിതിയിലുള്ള ഒരു വ്യക്തിയെ നാടുകടത്താനുള്ള തീരുമാനത്തെ മനുഷ്യത്വരഹിതം എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനാവില്ല എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മുത്തശ്ശിയെ നഷ്ടമാകുമോ എന്ന ഭയത്തില്‍ മക്കള്‍ കഴിയുന്ന അവസ്ഥ കണ്ടുനില്‍ക്കാനാവുന്നില്ലെന്നും വെയിനും ഭാര്യയും പറയുന്നു.
അതേസമയം കാതലിന്റെ ആരോഗ്യസ്ഥിതി ഒരിക്കലും പൂര്വാവസ്ഥയിലാവില്ല എന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയിട്ടുണ്ട്.
2021ലെ അവസാന തീയതിക്കു മുന്‍പായി കാതലിനെ സ്വീഡനില്‍ തുടരാന്‍ അനുവദിക്കണമെന്ന അപേക്ഷ വെയിന്‍ സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ പാസ്പോര്‍ട്ടിന്റെ കാരണത്തെ ചൊല്ലി അന്നേ ആ അപേക്ഷ നിരസിക്കുകയായിരുന്നു.
കാതലിനെ നാടുകടത്താനുള്ള നീക്കത്തിനെതിരെ ലേബര്‍ കൗണ്‍സിലര്‍ അടക്കമുള്ള അധികാരികളും രംഗത്ത് വന്നിട്ടുണ്ട്.