അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ പ്രാർഥനാഹാളിനു നേരേ നടന്നത് ഭീകരാക്രമണമെന്ന് പോലീസ്. ആക്രമണത്തിനു പിന്നിൽ ഐഎസ്ഐ പിന്തുണയുള്ള ഖാലിസ്ഥാനി/കാഷ്മീരി ഭീകരസംഘങ്ങളാണെന്ന് പോലീസ് ഡിജിപി സുരേഷ് അറോറ പറഞ്ഞു. ഗ്രനേഡ് ആക്രമണത്തിൽ മുഖ്യ പ്രഭാഷകൻ സുഖ്ദേവ് കുമാർ ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു.
സിക്ക് മത ത്തിലെ നിരങ്കാരി വിഭാഗത്തിന്റെ അമൃത്സറിനു സമീപം രാജാസൻസിയിലുള്ള ഭവനിലാണു ആക്രമണമുണ്ടായത്. ആക്രമണസയമത്ത് 200 പേർ ഹാളിലുണ്ടായിരുന്നു. ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സംഭവ സ്ഥലം രാത്രി വൈകി എൻഐഎ (നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി) ഉദ്യോഗസ്ഥർ പരിശോധിച്ചു.
ആക്രമണം നടത്തിയവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പ്രഖ്യാപിച്ചു. അമൃത്സർ വിമാനത്താവളത്തിനു സമീപമാണു നിരങ്കാരി ഭവൻ. ആക്രമണത്തിൽ 20 പേർക്കു പരിക്കേറ്റുവെന്നും ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നും സംഭവസ്ഥലം സന്ദർശിച്ച ശേഷം പോലീസ് ഐജി എസ്.എസ്. പാർമർ പറഞ്ഞു. പ്രാർഥനാഹാളിൽ സിസിടിവിയുണ്ടായിരുന്നില്ല.
മുഖംമൂടി ധരിച്ച് കൈത്തോക്കുമായി എത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്നു ഹാളിന്റെ ഗേറ്റിലുണ്ടായിരുന്ന സ്ത്രീ പറഞ്ഞു. ആക്രമണത്തെത്തുടർന്ന് നിരങ്കാരി ഭവൻ സീൽ ചെയ്തു. സന്ത് നിരങ്കാരി മിഷന്റെ പഞ്ചാബിലുള്ള നിരങ്കാരി ഭവനുകൾക്കു സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ആക്രമണശേഷം ബൈക്കിൽ രക്ഷപ്പെട്ട അക്രമികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ഫിറോസ്പുർ മേഖലയിൽ ഏഴംഗ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരസംഘം എത്തിയിട്ടുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് പഞ്ചാബ് ഭരണകൂടം ജാഗ്രതയിലായിരുന്നു. കഴിഞ്ഞയാഴ്ച പഠാൻകോട്ട് ജില്ലയിലെ മധോപുരിൽനിന്നു നാലംഗ സംഘം തോക്കുചൂണ്ടി എസ്യുവി തട്ടിയെടുത്തിയിരുന്നു.