ന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളികളായ “ഡാക്കു ഹസീന’ എന്നറിയപ്പെടുന്ന മൻദീപ് കൗറും ഭർത്താവ് ജസ്വീന്ദർ സിംഗും അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ചമോലിയിലെ ഹേമകുണ്ഡ് സാഹിബിലേക്കുള്ള യാത്രാമധ്യേയാണ് ഇരുവരും അറസ്റ്റിലായത്.
ജൂൺ 10ന് ലുധിയാനയിൽനിന്ന് 8.5 കോടിരൂപ കവർന്ന കേസിലാണ് ദന്പതികൾ പിടിയിലായത്. ഇരുവർക്കുമെതിരേ പത്തിലേറെ ക്രിമിനൽ കേസുകൾ വിവിധ സ്റ്റേഷനുകളിലുണ്ട്.
ദന്പതികളെ കൂടാതെ കേസിലെ മറ്റൊരു പ്രധാന പ്രതിയായ ഗൗരവിനെയും പഞ്ചാബിലെ ഗിദ്ദർബഹയിൽനിന്ന് പോലീസ് പിടികൂടി. ആകെ പന്ത്രണ്ടു പ്രതികളാണ് കേസിലുള്ളത്. ഇതിൽ ഒന്പതു പേർ പിടിയിലായിട്ടുണ്ട്.
മൻദീപ് കൗറും ഭർത്താവ് ജസ്വീന്ദർ സിംഗും നേപ്പാളിലേക്കു കടക്കാൻ പദ്ധതിയിടുന്നതായ പഞ്ചാബ് പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു.
നേപ്പാളിലേക്കു കടക്കുന്നതിനു മുന്പ് ഹരിദ്വാർ, കേദാർനാഥ്, ഹേംകുന്ത് സാഹിബ് എന്നിവയുൾപ്പെടെയുള്ള വിവിധ ആരാധനാലയങ്ങൾ സന്ദർശിക്കാൻ ദന്പതികൾ പദ്ധതിയിട്ടിരുന്നു.
ഇതിനിടെ, ദന്പതികൾ ഉത്തരാഖണ്ഡിലെ സിഖ് ആരാധനാലയം സന്ദർശിക്കാനെത്തിയതായി പോലീസിനു വിവരം ലഭിച്ചു. തിരക്കിനിടയിൽ ദന്പതികളെ തിരിച്ചറിയാൻ പോലീസ് ബുദ്ധിമുട്ടി.
തുടർന്ന്, സൗജന്യ പാനീയ സർവീസ് നടത്താനുള്ള പദ്ധതിയുമായി പോലീസ് രംഗത്തെത്തി. തുടർന്ന്, ദമ്പതികൾ പാനീയശാലയുടെ അടുത്തെത്തി. പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് മിനിറ്റുകൾക്കുള്ളിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
“ലെറ്റ്സ് ക്യാച്ച് എ ക്വീൻ ബീ’ എന്ന പേരിലായിരുന്നു ഇവർക്കെതിരേയുള്ള പോലീസ് നടപടി. മൻദീപ് കൗറിന്റെ ഇരുചക്രവാഹനത്തിൽനിന്ന് 12 ലക്ഷം രൂപയും ജസ്വീന്ദർ സിംഗിന്റെ വീട്ടിൽനിന്ന് ഒന്പതു ലക്ഷം രൂപയും കണ്ടെടുത്തതായി ലുധിയാന പോലീസ് പറഞ്ഞു.