കൊച്ചി: തീരദേശമേഖലകളിലേയ്ക്ക് വില്പനക്കായി എത്തിച്ച എട്ട് കിലോ കഞ്ചാവുമായി രണ്ട് ഒറീസ സ്വദേശികള്‍ അറസ്റ്റിലായ കേസില്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത് മത്സ്യത്തൊഴിലാളികളെയെന്ന് പോലീസ്.
കേസുമായി ബന്ധപ്പെട്ട് ഒറീസ ബ്രന്മപൂര് സ്വദേശികളായ ബലവ് നായിക്ക് (42), ബല്വിക്ക് നായിക്ക് (22) എന്നിവരാണ് കൊച്ചി സിറ്റി ഡാന്‍സാഫും ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പോലീസും തൃക്കാക്കര പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ പിടിയിലായത്.
ട്രോളിംഗ് നിരോധനത്തിന് ശേഷം കടലില്‍ പോകാന്‍ തുടങ്ങിയ ഫോര്‍ട്ടുകൊച്ചി മുതല്‍ മുനമ്പം വരെയുള്ള മത്സ്യത്തൊഴിലാളികളെ ലക്ഷ്യമിട്ടായിരുന്നു കഞ്ചാവെത്തിച്ചത്.
ഒറീസയില്‍ നിന്നും സ്ഥിരമായി നഗരത്തിലേക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായ ഇവര്‍. കാക്കനാടുള്ള രഹസ്യ താവളത്തില്‍ നിന്നും ഫോര്‍ട്ടുകൊച്ചി കമാലക്കടവിലേക്കുള്ള യാത്രക്കിടെ പടമുകളില്‍ വച്ചാണ് സംഘം പോലീസ് പിടിയിലായത്. ഏകദേശം ഒരു കിലോയോളം തൂക്കം വരുന്ന പൊതികളിലാക്കി ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിക്കുന്നതായിരുന്നു പ്രതികളുടെ രീതി.
കോസ്റ്റല്‍ എഐജി ജി. പൂങ്കുഴലിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡിസിപി കെ.എസ്. സുദര്‍ശന്റെ നിര്‍ദേശപ്രകാരം നര്‍ക്കോട്ടിക് സെല്‍ എസിപി കെ.എ.സലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.