ലോകത്തിന് വിസ്മയമായി ഒരു കൊച്ച് ബ്രൂസ്ലി ആരാധകൻ. എട്ടു വയസുള്ള റുസേയി എന്ന ജാപ്പനീസ് ബാലനാണ് മനസിലും ശരീരത്തിലും ബ്രൂസ്ലിയെ ആവാഹിച്ച് ഏവരെയും ഞെട്ടിക്കുന്നത്. കുട്ടിത്തം മാറാത്ത മുഖമാണെങ്കിലും റുസേയിയുടെ ഇരുന്പുപോലുള്ള ബോഡി കണ്ടാൽ ആരും പറഞ്ഞു പോകും…ഇത് ബ്രൂസ്ലിയുടെ ചെറിയ പതിപ്പുതന്നെയെന്ന്.
ഒരു വർഷം മുന്പാണ് തന്റെ വിശ്വരൂപം റുസേയി പുറത്തെടുക്കുന്നത്. ബ്രൂസ്ലിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ ദി ഗെയിം ഓഫ് ഡെത്തിലെ സാഹസ രംഗം പുനരവതരിപ്പിച്ചായിരുന്നു അത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ റുസേയിയും പ്രശസ്തനായി.
ഇന്നിപ്പോൾ മാസം നല്ലൊരു തുക പ്രതിഫലം ലഭിക്കുന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് റുസേയി. ബ്രൂസ്ലിയുടെ സാഹസ രംഗങ്ങൾ റുസേയി അതേപടി അവതരിപ്പിക്കുന്നതാണ് ഈ ചാനലിലെ പ്രധാന പരിപാടി.
ദിവസവും നാലു മണിക്കൂർ ജിമ്മിൽ പരിശീലനത്തിലേർപ്പെട്ടാണു റുസേയി തന്റെ സ്റ്റീൽ ബോഡി സംരക്ഷിക്കുന്നത്. എന്നു കരുതി സ്കൂളിൽപോക്കും കക്ഷി മുടക്കാറില്ലെന്നു റുസേയിയുടെ അച്ഛൻ പറയുന്നു. റുസേയി നായകനാകുന്ന സിനിമയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇത് യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.