കെ.കെ. അർജുനൻ
അയ്യന്തോൾ: ഭരണഘടനാ വിവാദം കേരളത്തിൽ ആളിക്കത്തുന്പോൾ ആ ഭരണഘടന പ്രകാരമുളള നീതി അധികൃതരുടെ ഭാഗത്തു നിന്നു ലഭിക്കുന്നില്ലെന്നാരോപിച്ച് ദന്പതികൾ എട്ടുവർഷമായി തൃശൂർ കളക്ടറേറ്റിനു മുന്നിൽ സമരത്തിൽ.
നീതി കിട്ടണമെന്നാവശ്യപ്പെട്ട് സിവിൽ സ്റ്റേഷനു മുന്നിൽ അവർ നടത്തുന്ന കുത്തിയിരിപ്പ് പെരുമഴയത്തും തുടരുന്നു.
രണ്ടായിരത്തിലധികം ദിവസമായി പൊങ്ങണംകാട് സ്വദേശികളായ ഈ ദന്പതികൾ കളക്ടറേറ്റിനു മുന്നിൽ സമരം തുടങ്ങിയിട്ട്.
അബ്കാരി കോണ്ട്രാക്ടറായിരുന്ന പിതാവിന്റെ സ്വത്ത് ചിലർ തട്ടിയെടുത്തുവെന്ന കേസ് അനുകൂലമായി വിധിച്ചിട്ടും നീതി ലഭിച്ചില്ലെന്നാരോപിച്ചാണ് ഇവർ സമരം നടത്തുന്നത്.
ഇവർക്കരികിലൂടെ ഇത്രയുംകാലം നിരവധി സമരപ്രക്ഷോഭങ്ങൾ നടന്നിട്ടും, മന്ത്രിമാരടക്കമുള്ളവരും ന്യായാധിപന്മാരും കളക്ടർമാരും കടന്നുപോയിട്ടും ഇവരുടെ സമരപ്രതിഷേധം ഇതുവരെയും ആരും കാര്യമായി ഗൗനിച്ചിട്ടില്ല.
2014 ഓഗസ്റ്റിലാണ് ഇവർ കളക്ടറേറ്റിനു മുന്നിൽ സമരം ആരംഭിച്ചത്. എന്നും രാവിലെ ഇരുവരും കളക്ടറേറ്റിനു മുന്നിലെത്തും. ഉച്ച കഴിഞ്ഞാൽ സമരം അവസാനിപ്പിച്ച് മടങ്ങും.
ഇതിനിടെ കളക്ടറോ ജഡ്ജിമാരോ സമരപ്പന്തലിനു മുന്നിലൂടെ കടന്നുപോകുന്പോൾ ഒന്നും മിണ്ടാതെ ഒരു മുദ്രാവാക്യം പോലും വിളിക്കാതെ ഇവർ എഴുന്നേറ്റുനിൽക്കും.
ഇരുവരിൽ ആർക്കെങ്കിലും എന്തെങ്കിലും അസുഖം വരുന്പോൾ മാത്രം എത്തില്ല. ഈ എട്ടുവർഷത്തിനിടെ അങ്ങിനെ സമരം മുടങ്ങിയത് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം.
അപ്പോഴും ഒരാളെങ്കിലും പന്തലിലെത്തും. കോവിഡ് മഹാമാരി പടർന്നുപിടിച്ച സമയത്തും സമരം നിർത്തിയില്ല. എന്നു നിർത്താനാകുമെന്ന് നിശ്ചയവുമില്ല.